
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച സിംഗപ്പൂര്‍ കപ്പല്‍ എംവി വാന്‍ ഹായ് 503 കേരള തീരത്ത് നിന്നും ഉള്‍ക്കടലിലേക്ക് നീക്കുന്ന ദൗത്യം വിജയം കാണുന്നു. കപ്പലിനെ കേരള തീരത്ത് നിന്നും 35 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് മാറ്റിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കപ്പലിലെ തീ നിയന്ത്രണ വിധേയമാണെന്നും എന്നാല്‍ ഇപ്പോഴും പുക ഉയരുന്നുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, കപ്പല്‍ കമ്പനി നിയോഗിച്ച രക്ഷാപ്രവര്‍ത്തകര്‍ എന്നിരുള്‍പ്പെട്ട സംയുക്ത ദൗത്യമാണ് തീപിടിച്ച കപ്പല്‍ കേരള തീരത്ത് അടിയുന്നത് തടഞ്ഞത്. നേരത്തെ കൊച്ചി തീരത്തു നിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന കപ്പല്‍ 1.15 നോട്ട് വേഗതയില്‍ തീരത്തേക്ക് ഒഴുകി നീങ്ങുന്ന നിലയുണ്ടായിരുന്നു. ഇതിനെയാണ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നാവിക സേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന തടഞ്ഞത്.
വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യന്‍ നാവിക സേനയും കപ്പല്‍ കമ്പനി നിയോഗിച്ച രക്ഷാപ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കപ്പലില്‍ ഇറങ്ങി ടഗുമായി ബന്ധിപ്പിച്ചെങ്കിലും കടല്‍ വീണ്ടും പ്രക്ഷുബ്ധമായതോടെ ഇത് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും മറ്റൊരു ടഗ് കെട്ടുകയായിരുന്നു. കപ്പല്‍ നിലവില്‍ കൊച്ചി തീരത്തു നിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 1.15 നോട്ട് വേഗതയില്‍ ഒഴുകി നീങ്ങുകയാണ്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നാവിക സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് രക്ഷാ ദൗത്യത്തിലുണ്ട്.
ഇന്നലെ വൈകീട്ട് കൊച്ചിയില്‍ നിന്ന് ദൗത്യ സംഘം നേവി സീ കിങ് ഹെലികോപ്റ്ററില്‍ കപ്പലില്‍ ഇറങ്ങിയതോടെയാണ് ദൗത്യം ലക്ഷ്യം കണ്ടത്. 600 മീറ്റര്‍ ടോ റോപ്പ് തീപിടിച്ച കപ്പലുമായി ബന്ധിപ്പിച്ച് ടഗ്ഗ് ഉപയോഗിച്ച് വലിച്ച് നീക്കുകയായിരുന്നു. ഏകദേശം 1.8 നോട്ടിക്കല്‍ വേഗതയില്‍ കപ്പലിനെ പടിഞ്ഞാറോട്ട് വലിച്ചു നീക്കിക്കൊണ്ടിരിക്കുകയാണ് എന്നും നിലവില്‍ തീരത്ത് നിന്ന് ഏകദേശം 35 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലുള്ളത് എന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് കുറഞ്ഞത് 50 നോട്ടിക്കല്‍ മൈല്‍ അകലെയ്ക്ക് എങ്കിലും കപ്പലിനെ മാറ്റാനാണ് നിലവിലെ തീരുമാനം എന്നും കോസ്റ്റ് ഗാര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. കപ്പല്‍ അപകടം ഉണ്ടാക്കാന്‍ ഇടയുണ്ടായിരുന്ന അപകടകരമായ സാഹചര്യം ലഘൂകരിക്കുന്നതില്‍ ഇപ്പോഴത്തെ നടപടി നിര്‍ണായകമാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി വാന്‍ ഹയി 503 എന്ന സിംഗപ്പൂര്‍ കപ്പലിന് തീ പിടിച്ചത്.
Be the first to comment