രാവിലെ എണീറ്റാൽ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങൾ ?വയറിനും മനസിനും പണി തന്നേക്കാമെന്ന് മുന്നറിയിപ്പ്

വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മളില്‍ പലരും. രാവിലെ എണീക്കുമ്പോള്‍ തന്നെ ചായയോ കാപ്പിയോ കുടിക്കുമ്പോള്‍ ഉന്മേഷം തോന്നും എന്നതില്‍ സംശയമില്ല. എന്നാല്‍ ആരോഗ്യപരമായി ഇത്തരത്തില്‍ വെറും വയറ്റില്‍ ഇവ കുടിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് വ്യക്തമാക്കുന്നത്.

വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് വയറ്റിലെ ആസിഡിന്റെ അളവ് കൂട്ടാനും കാരണമാകും. വയറ്റില്‍ ഭക്ഷണമൊന്നും തന്നെയില്ലാത്തതിനാല്‍ വയറിന്റെ ലൈനിംഗ് അസ്വസ്ഥമാകാന്‍ സാധ്യതകള്‍ ഏറെയുണ്ട്. ഇത് അസിഡിറ്റി, വയര്‍ വീര്‍ക്കല്‍, ഗ്യാസ് ട്രബിള്‍ എന്നിവയ്ക്ക് കാരണമായേക്കാം.

രാവിലെ ശരീരത്തില്‍ സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് അധികമായിരിക്കും. അതുകൊണ്ട് തന്നെ കഫീന്‍ അടങ്ങുന്ന ചായയോ കാപ്പിയോ കുടിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് അസ്വസ്ഥത ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുന്നു. ഇതിന് പകരമായി വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളമോ ഏതെങ്കിലും തരം നട്ട്സോ അല്ലെങ്കില്‍ ഒരു പഴമോ കഴിച്ച ശേഷം 20 മിനിറ്റ് കഴിഞ്ഞ് ചായയോ കാപ്പിയോ കുടിക്കാവുന്നതാണെന്നും  പറയുന്നു.

നിരന്തരമായി ചായ കുടിക്കുന്നത് ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുമെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ചെെനയിലെ ചിന്‍ഗുവ സര്‍വകലാശാലയിലെയും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഒഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്സിലെയും ഗവേഷകര്‍ നടത്തിയ സര്‍വേ പ്രകാരം അമിതമായി ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് പറയുന്നത്. നിരന്തരം ചായ കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം എന്നിവ കൂടാതെ സൈക്കോളജിക്കലായ പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*