മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ നീല സ്ക്രീൻ സാങ്കേതികത്തകരാർ വീണ്ടും സംഭവിക്കാമെന്ന് മുന്നറിയിപ്പ്

വിമാനസര്‍വിസുകളും ബാങ്കുകളും ഉള്‍പ്പെടെ നിശ്ചലമാകാൻ കാരണമായ മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ നീല സ്ക്രീൻ സാങ്കേതികത്തകരാർ വീണ്ടും സംഭവിക്കാമെന്ന് മുന്നറിയിപ്പ്. സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയര്‍ കമ്പനിയായ ഫോര്‍ട്രയാണ് അപകടസാധ്യത കണ്ടെത്തിയിരിക്കുന്നത്. വിന്‍ഡോസ് 10, വിന്‍ഡോസ് 11, വിന്‍ഡോസ് സെര്‍വര്‍ 2016, വിന്‍ഡോസ് സെര്‍വര്‍ 2019, വിന്‍ഡോസ് സെര്‍വര്‍ 2022 എന്നിവയിലെ കോമണ്‍ ലോഗ് ഫയല്‍ സിസ്റ്റ (സിഎല്‍എഫ്എസ്)ത്തിലാണ് ‘ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്’ അപകടസാധ്യത ഫോര്‍ട്ര ചൂണ്ടിക്കാണിക്കുന്നത്. കിബഗ്‌ചെക്ക്എക്‌സ് ഫങ്ഷനിലേക്കുള്ള നിര്‍ബന്ധിത കോള്‍ വഴി നീല സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും.

അപകടസാധ്യത ഔദ്യോഗികമായി സിവിഇ-2024-6768 പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്‍പുട്ട് ഡേറ്റയിലെ നിര്‍ദിഷ്ട അളവുകളുടെ തെറ്റായ മൂല്യനിര്‍ണയം കിബഗ്‌ചെക്ക്എക്‌സ് പ്രവര്‍ത്തനത്തെ ട്രിഗര്‍ ചെയ്യുന്നു. ഇത് BSoD തകരാറിലേക്കു നയിക്കുന്നു. ഇത് വിന്‍ഡോസ് 10, വിന്‍ഡോസ് 11 എന്നിവയുടെ എല്ലാ പതിപ്പുകളെയും വിന്‍ഡോസ് സെര്‍വര്‍ 2022നെയും ബാധിക്കും. സിസ്റ്റത്തില്‍ സ്ഥിരതയില്ലായ്മയും സര്‍വിസ് നിഷേധവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ബാധിത സിസ്റ്റങ്ങളില്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ഡേറ്റ നഷ്ടത്തിനു കാരണമാകുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അപകടസാധ്യതയെക്കുറിച്ച് മൈക്രോസോഫ്റ്റിനെ ആദ്യം അറിയിച്ചതെന്ന് ഫോര്‍ട്ര പറയുന്നു. 2024ലെ അവസാന പ്രതികരണത്തില്‍ പ്രശ്‌നം റീപ്രൊഡ്യൂസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കേസ് അവസാനിപ്പിക്കുകയുമാണെന്നാണ് പറഞ്ഞത്. ഉപയോഗത്തിനിടയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നീല സ്‌ക്രീനാണ് കഴിഞ്ഞ മാസം ഉപയോക്താക്കളെ വലച്ചത്. ലോകമെമ്പാടുമുള്ള വിന്‍ഡോസ് വര്‍ക്ക്‌സ്റ്റേഷനുകളില്‍ ഡെത്ത് എററിനെ സൂചിപ്പിക്കുന്ന നീല സ്‌ക്രീന്‍ കണ്ടതിനെത്തുടര്‍ന്ന് ബാങ്കുകള്‍, വിമാന സര്‍വിസുകള്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍, ടിവി, റേഡിയോ ബ്രോഡ്കാസ്റ്ററുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബിസിനസുകള്‍ ഓഫ്‌ലൈനായിരുന്നു.

സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*