വഡോദര: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് സ്‌പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്തായി. ഇന്നലെ വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയത്. ജനുവരി 21 ന് നാഗ്പൂരിൽ ആരംഭിക്കുന്ന കിവീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലേക്ക് താരം തിരിച്ചെത്തുമോ എന്ന കാര്യം സംശയകരമാണ്. മത്സരത്തില്‍ താരത്തിന് ഇടുപ്പ് വേദന അനുഭവപ്പെടുകയായിരുന്നു. സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്‌കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകന്‍ ശുഭ്‌മന്‍ ഗില്‍ സ്ഥിരീകരിച്ചു.
2026 ലെ ടി20 ലോകകപ്പ് ടീമിൽ സുന്ദർ ഉൾപ്പെട്ടതിനാലും ടൂർണമെന്‍റിനു ഇപ്പോൾ ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കുന്നതിനാലും താരത്തിന്‍റെ പരിക്ക് ടീം ഇന്ത്യയെ കൂടുതൽ ആശങ്കപ്പെടുത്തും. ‘വാഷിങ്‌ടണിനു ഒരു സൈഡ് സ്ട്രെയിൻ ഉണ്ടെന്ന് മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഹർഷിത് റാണ പറഞ്ഞു.
ബാറ്റിംഗ് സമയത്ത് അദ്ദേഹത്തിന് വേദന അനുഭവപ്പെടുകയായിരുന്നു. ഞങ്ങളുടെ മെഡിക്കൽ ടീം വിലയിരുത്തുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്‌തു. പരിക്കുമൂലം ബുദ്ധിമുട്ടിലായ സുന്ദറിന് ന്യൂസിലാൻഡിന്‍റെ ഇന്നിംഗ്സിൽ അഞ്ച് ഓവർ മാത്രമേ എറിയാൻ കഴിഞ്ഞുള്ളൂ, പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച താരം ഗ്രൗണ്ട് വിടുകയായിരുന്നു.
പിന്നാലെ റിഷഭ് പന്തിന് പകരം ടീമിലെത്തിയ ധ്രുവ് ജുറേല്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി. പിന്നീട് ഇന്ത്യയുടെ മറുപടി ബാറ്റിങ്ങില്‍ എട്ടാം നമ്പറില്‍ സുന്ദര്‍ ക്രീസിലെത്തി. ഏഴ് പന്തില്‍ ഏഴ് റണ്‍സ് നേടിയ താരം ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്‌തു. നേരത്തെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പരിക്കിനെ തുടര്‍ന്ന് പരമ്പര തന്നെ നഷ്ടപ്പെട്ടിരുന്നു.
പന്തിന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റര്‍ ധ്രുവ് ജുറലിനെ തിരഞ്ഞെടുത്തപ്പോൾ, ബിസിസിഐ ഉടൻ തന്നെ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇതോടെ പരിക്കേറ്റതിനെത്തുടർന്ന് നാട്ടിൽ നടക്കുന്ന ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ നിന്ന് പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനാണ് സുന്ദർ.
ഇന്ത്യ VS ന്യൂസിലൻഡ് ടീം
ഇന്ത്യ: ശുഭ്‌മന്‍ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംങ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, രവീന്ദ്ര ജഡേജ.
ന്യൂസിലൻഡ്: മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), ഡെവൺ കോൺവേ (വിക്കറ്റ് കീപ്പർ), വിൽ യംഗ്, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, സക്കറി ഫോൾക്‌സ്, നിക്ക് കെല്ലി, ജോഷ് ക്ലാർക്‌സൺ, മൈക്കൽ റേ, കൈൽ ജാമിസൺ, മിച്ചൽ ഹേ, ആദിത്യ അശോക്, ക്രിസ്‌റ്റ്യൻ ക്ലാർക്ക്, ജേഡൻ ലെനോക്‌സ്.



Be the first to comment