
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ലെന്ന് വയനാട് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിലെ ഭക്തൻ തയ്യാറാക്കിയ കിറ്റാണ് പിടികൂടിയത്. ആദിവാസികൾക്കുള്ള കിറ്റാണെന്ന് പറഞ്ഞ് എൽഡിഎഫും യുഡിഎഫും ഗോത്രവിഭാഗങ്ങളെ ആക്ഷേപിക്കുകയാണ്. ടി സിദ്ദിഖിൻ്റെ ആരോപണത്തിന് പിന്നിൽ മറ്റ് പല ഉദ്ദേശങ്ങളും ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ഭക്ഷ്യകിറ്റുകള്‍ കയറ്റിയ ലോറി പിടിച്ചെടുത്തത്. പഞ്ചസാര, ബിസ്‌ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, റസ്‌ക്, സോപ്പ്, സോപ്പ് പൊടി എന്നിവയാണ് ഭക്ഷ്യകിറ്റിലെ സാധനങ്ങള്‍. ഇതിനുപുറമെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില എന്നിവ അടക്കമുള്ള 33 കിറ്റുകളും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു. പോലീസ് കസ്റ്റഡിയിലുള്ള ലോറി ഇലക്ഷന്‍ ഫ്ലൈയിങ്ങ് സ്‌ക്വാഡിന് കൈമാറും.
കിറ്റുകള്‍ എവിടേക്കാണെന്ന് അറിയില്ലെന്നാണ് ലോറി ഡ്രൈവര്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, കിറ്റുകള്‍ കോളനികളില്‍ വിതരണം ചെയ്യാന്‍ ബിജെപി എത്തിച്ചതാണെന്നായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ആരോപിച്ചത്. ഭക്ഷ്യ കിറ്റ്, പണം, മദ്യം എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇരുമുന്നണികളും ആരോപിച്ചു.
Be the first to comment