സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് വീണ്ടും മഴയെത്തുന്നു; തെക്കൻ കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത

കാസർകോട്: സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് വീണ്ടും മഴയെത്തുന്നു. കേരളത്തിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെ ഫലമായി തെക്കൻ കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തല്‍. തുലാവർഷ സീസൺ അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും മഴയുടെ വരവ്.

നാളെ മുതൽ ജനുവരി ആദ്യ വാരം വരെ വിവിധ ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ശരാശരി ഒരു സെൻ്റിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും 31 ന് തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ജനുവരി ഒന്നിന് പാലക്കാട്‌, തൃശൂർ,എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും രണ്ടിന് കോഴിക്കോട്, എറണാകുളം ജില്ലകളിലും മൂന്നിന് വയനാട്, എറണാകുളം ജില്ലകളിലുമാണ് മഴയ്ക്ക്‌ സാധ്യത.

കണക്കുകൾ പ്രകാരം ഈ വർഷം കേരളത്തിൽ തുലാവർഷം ദുർബലമായിരുന്നു. ഇന്നു വരെയുള്ള കണക്കുകൾ പ്രകാരം സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് ഈ പുതിയ മഴ സാധ്യത നേരിയ ആശ്വാസമേകിയേക്കും.

മഴ വിട്ടുനിന്ന ദിവസങ്ങളിൽ കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിലും ഹൈറേഞ്ചിലും തണുപ്പ് അതിശക്തമായിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ താപനില മൈനസ് ഡിഗ്രി വരെ താഴ്ന്നു. സൈലൻ്റ് വാലി, ദേവികുളം, ലെച്ച്മി സെക്ഷൻ എന്നിവിടങ്ങളിൽ താപ നില 0°C സെൽഷ്യസ് ആയി കുറഞ്ഞിരുന്നു. പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണതോടെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും മലനിരകളും വെള്ള പുതച്ച നിലയിലായി. ഇതോടെ ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. വയനാട്ടിലും താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെയെത്തി. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയിലുണ്ടായ മാറ്റമാണ് ഇത്തവണ വടക്കൻ കേരളത്തില്‍ അസാധാരണമായ തണുപ്പിന് കാരണമായിട്ടുള്ളത്. സാധാരണ തമിഴ്‌നാട് വഴി എത്തുന്ന കാറ്റാണ് കേരളത്തിൽ തണുപ്പ് എത്തിക്കാറുള്ളതെങ്കിൽ, ഇത്തവണ കർണാടകയിൽ നിന്നുള്ള കാറ്റ് വയനാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ അതിശൈത്യത്തിന് കാരണമാകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*