ഇറാനെതിരെ ഇസ്രയേൽ – അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചതിന് ശേഷം പശ്ചിമേഷ്യയിൽ കൊല്ലപ്പെട്ടത് 2465 പേർ. ഇറാനിൽ 1444 പേരും ലെബനോണിൽ 912 പേരും കൊല്ലപ്പെട്ടു. അമേരിക്കൻ സൈന്യത്തിലെ 13 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 17 പേരും ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇതിനിടെ നാല് തവണയാണ് ഇന്ന് രാവിലെ യുഎഇയ്ക്ക് നേരെ ആക്രമണമുണ്ടായത്. ദുബായിലും അബുദാബിയിലും തുടർച്ചയായി ഉഗ്ര സ്ഫോടനശബ്ദം കേട്ടു. മിസൈൽ ആക്രമണം ചെറുത്തതിന്റെ ശബ്ദമാണിതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ നാശനഷ്ടങ്ങളോ പരുക്കോ ഇല്ല. ഖത്തർ, കുവൈറ്റ്, സൗദി എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. 13 ഡ്രോണുകളാണ് പുലർച്ചെ സൗദി അറേബ്യ പ്രതിരോധിച്ചത്.
അതിനിടെ യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ വേണ്ടെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. പള്ളികൾക്ക് ഉള്ളിൽ മാത്രം നമസ്കാരം മതിയെന്നാണ് തീരുമാനം. അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ ഇന്ന് സൗദിയിൽ യോഗം ചേരും. ഇറാൻ ആക്രമണം നീളുന്ന സാഹചര്യത്തിൽ നയതന്ത്ര ഇടപെടലിനുള്ള സാധ്യത യോഗം ചർച്ച ചെയ്യും. ഹോർമുസ് കടലിടുക്കിലെ ഇടപെടലുകൾക്ക് അമേരിക്ക പിന്തുണ തേടിയതുൾപ്പടെയും ചർച്ചയാകും.



Be the first to comment