നമ്മുടെ പരമ്പരാഗത ഭക്ഷണക്രമത്തിലെ പ്രധാനിയാണ് ചോറ്. എന്നാൽ ചോറിൽ അടങ്ങിയ കാർബോഹൈഡ്രേറ്റ് ശരീരത്തിൽ വീക്കം ഉണ്ടാക്കാനും അസ്ഥികൾ ദുർബലമാകാനും ശരീരഭാരം കൂടാനും കാരണമാകുമെന്ന വാദത്തെ തുടർന്ന് ഇന്ന് പലരും ചോറ് പാടെ ഉപേക്ഷിച്ചവരാണ്.
ചോറ് ഒഴിവാക്കിയുള്ള ഈ ക്ലീൻ ഡയറ്റ് ആരോഗ്യത്തിന് സുരക്ഷിതമാണോ?
കാർബോഹൈഡ്രേറ്റ് പൂർണമായി ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് ഒരിക്കലും സുരക്ഷിതമല്ല. മാത്രമല്ല, കാർബോഹൈഡ്രേറ്റിനെയും ചോറിനെയും ശത്രുവായി കാണേണ്ടതില്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ അവശ്യ പോഷകാണ് കാർബോഹൈഡ്രേറ്റ്.
കാർബോഹൈഡ്രേറ്റ് ശരീരത്തിൽ കുറയുന്നത് പേശികളെ ദുർബലപ്പെടുത്താം. പേശികളുടെ വീണ്ടെടുക്കലിന് കാർബോഹൈഡ്രേറ്റുകളിൽ നിന്ന് വരുന്ന ഗ്ലൈക്കോജൻ ആവശ്യമാണ്. കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ കുറയ്ക്കുമ്പോൾ, ശരീരത്തിൽ ഗ്ലൈക്കോജൻ സംഭരണം കുറയുന്നു. അത് പേശികൾ വേഗത്തിൽ ക്ഷീണിക്കുന്നതിനും അസ്ഥികളെ സപ്പോർട്ട് ചെയ്യുന്ന ടിഷ്യു കൂടുതൽ സൂക്ഷ്മ സമ്മർദം നേരിടുകയും ചെയ്യുന്നു.
അരിയുടെ പോഷക ഗുണങ്ങൾ
അരിയിൽ കാർബോഹൈഡ്രേറ്റുകൾ മാത്രമല്ല, മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് എളുപ്പത്തിൽ ഊർജ്ജം ലഭ്യമാക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ഗ്ലൂറ്റൻ രഹിതമാണ്, കൊഴുപ്പും സോഡിയവും കുറവാണ്, ബി വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ്.
മറ്റെല്ലാ ഭക്ഷണങ്ങളെയും പോലെ, ചോറ് കഴിക്കുമ്പോഴും മിതത്വം പാലിക്കുകയെന്നതാണ് പ്രധാനം. ഭക്ഷണം ഒഴിവാക്കുന്നതിനെ കുറിച്ചല്ല, നിങ്ങളുടെ ശരീരത്തിന് യഥാർഥത്തിൽ ആവശ്യമായത് എന്താണെന്ന് മനസിലാക്കുകയാണ് പ്രധാനം. നിങ്ങളുടെ തലച്ചോറിനും പേശികൾക്കും ശക്തി നൽകുന്നതും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതുമായ പ്രാഥമിക ഇന്ധനമാണ് കാർബോഹൈഡ്രേറ്റ്.



Be the first to comment