എസ്‌ഐആറില്‍ തെറ്റിദ്ധാരണ വേണ്ട; ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് വോട്ടര്‍ പട്ടികയല്ല; ഇത് എഎസ്ഡി ലിസ്റ്റ്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച എഎസ്ഡി ലിസ്റ്റ് കരട് വോട്ടര്‍ പട്ടികയായി തെറ്റിദ്ധരിക്കേണ്ടതില്ല. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എസ്‌ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തുപോകുന്നവരുടെ എഎസ്ഡി ലിസ്റ്റാണ്. എഎസ്ഡി എന്നാല്‍ ആബ്‌സെന്റീ, ഷിഫ്റ്റഡ് ഓര്‍ ഡെഡ് ലിസ്റ്റ് എന്നാണ് അര്‍ഥം. എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവരോ മരിച്ചവരോ മറ്റിടങ്ങളിലേക്ക് മാറിയവരോ ആണ് പട്ടികയില്‍ നിന്ന് പുറത്തുപോകുക. തെറ്റായ കാരണത്താല്‍ നിങ്ങള്‍ പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് യഥാസമയം ബിഎല്‍ഒമാരേയോ പാര്‍ട്ടി പ്രതിനിധികളായ ബിഎല്‍ഒമാരേയോ അറിയിക്കണം. 

https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ കയറി നിങ്ങള്‍ക്ക് ഈ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ലിങ്കില്‍ പ്രവേശിച്ച ശേഷം ജില്ല, നിയമസഭാ മണ്ഡലം, പാര്‍ട്ട് (ബൂത്ത് നമ്പര്‍) എന്നിവ തിരഞ്ഞെടുക്കുക. ഡൗണ്‍ലോഡ് എഎസ്ഡി എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്ത പട്ടികയില്‍നിന്ന് വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ കണ്ടെത്താം. ക്രമനമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കാനുള്ള കാരണം എന്നിവയാണു പട്ടികയിലുള്ളത്. മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍, രണ്ടോ അതില്‍ക്കൂടുതല്‍ തവണയോ പട്ടികയില്‍ പേരുള്ളവര്‍, ഫോം വാങ്ങുകയോ തിരിച്ചു നല്‍കുകയോ ചെയ്യാത്തവര്‍ എന്നിങ്ങനെ പുറത്താക്കപ്പെടാനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിരിക്കും.

അതേസമയം മതിയായ കാരണങ്ങളില്ലാതെ പുറത്താക്കല്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇന്നു തന്നെ ബൂത്ത് ലവല്‍ ഓഫിസറെ ബന്ധപ്പെട്ട് എസ്‌ഐആര്‍ ഫോം പൂരിപ്പിച്ചു നല്‍കണം. ഫോം പൂരിപ്പിച്ചു നല്‍കി തെറ്റു തിരുത്താന്‍ ഇന്നു വരെയാണ് അവസരം. ഫോം നല്‍കിയാല്‍ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും.

Be the first to comment

Leave a Reply

Your email address will not be published.


*