എന്താണ് ശബരി റെയില്‍?, എത്ര സ്റ്റേഷനുകള്‍?, എവിടം മുതല്‍ എവിടം വരെ?, ഓരോ സ്‌റ്റേഷന്റെയും പ്രത്യേകത അറിയാം

തിരുവനന്തപുരം: മധ്യകേരളത്തിലെ മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നത്തിന് വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്. അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍ ശബരി റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 1900 കോടി രൂപ അനുവദിച്ചതോടെ അനിശ്ചിതത്വത്തിലായിരുന്ന വികസന വഴിയില്‍ വീണ്ടും പ്രതീക്ഷയുടെ തിരിതെളിഞ്ഞിരിക്കുകയാണ്.

മൂന്ന് പതിറ്റാണ്ടോളം ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനത്തില്‍ കുടുങ്ങി ദുരിതത്തിലായ ഭൂവുടമകള്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപനം ഏറെ ആശ്വാസം പകരുന്നത്. ഭൂസൂചിക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ശബരി റെയില്‍ വലിയ അനുഗ്രഹമാകും. പൈനാപ്പിള്‍, റബര്‍, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനത്തിന് ഈ പാത പുതിയ വാതിലുകള്‍ തുറക്കും.

പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, ഭൂതത്താന്‍കെട്ട്, തട്ടേക്കാട്, മലങ്കര ടൂറിസം ഹബ്, ഇടുക്കി ഡാം, കുളമാവ്, രാമക്കല്‍മേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍, കുട്ടിക്കാനം, പാഞ്ചാലിമേട്, തേക്കടി, ഗവി, തെന്മല, പൊന്മുടി, നെയ്യാര്‍ ഡാം എന്നിവിടങ്ങളിലേക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി ചേരാനുള്ള സൗകര്യം വര്‍ധിപ്പിക്കുന്നതിനാല്‍ വിനോദ സഞ്ചാര മേഖലയ്ക്കും പാത പ്രയോജനപ്പെടും.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് റെയില്‍വേ പദ്ധതിക്ക് വേണ്ടി പണം നല്‍കേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നത്.1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയില്‍വേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയായാണ് കണക്കാക്കുന്നത്. 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍ പാത ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജ്ജം പകരുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ദേശീയപാത 66-ല്‍ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. ശബരി റെയില്‍പാതയില്‍ 14 സ്റ്റേഷനുകളാണ് വരുന്നത്. ഭാവിയില്‍ തിരുവനന്തപുരം വരെ പാത നീട്ടുന്നതിന്റെ സാധ്യതയും ആലോചിക്കുന്നുണ്ട്.

ശബരി റെയില്‍പാതയില്‍ വരുന്ന സ്റ്റേഷനുകളും പ്രാധാന്യവും

1. അങ്കമാലി

ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന അങ്കമാലിയില്‍ നിന്നാണ് ശബരി പാത ആരംഭിക്കുന്നത്. ശബരിപാതക്കൂടിവരുന്നതോടെ വിവിധ ഗതാഗതസൗകര്യങ്ങളുടെ സംഗമസ്ഥലമാകും അങ്കമാലി. ടെല്‍ക്ക്, ബാംബൂ കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളും അങ്കമാലിയിലാണ്. നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയ്യുന്നതും അങ്കമാലിക്ക് അടുത്തായിട്ടാണ്. നിലവില്‍ അങ്കമാലി മുതല്‍ വാപ്പാലശ്ശേരി, നായത്തോട്, പിരാരൂര്‍, മറ്റൂര്‍ വഴി കാലടിവരെ ഏഴുകിലോമീറ്റര്‍ പാത നിര്‍മിച്ചിട്ടുണ്ട്.

2. കാലടി

ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഒട്ടേറെ തീര്‍ഥാടകരെത്തുന്ന സ്ഥലമാണ്. ശൃംഗേരി, കാഞ്ചി മഠങ്ങള്‍, ശ്രീരാമകൃഷ്ണാശ്രമം എന്നിവയും പ്രശസ്തം. പ്രശസ്ത ക്രൈസ്തവകേന്ദ്രമായ മലയാറ്റൂര്‍ പള്ളിയും കാലടിക്ക് അടുത്താണ്. സംസ്‌കൃത സര്‍വകലാശാലയും ഇവിടെയാണ്. ശബരിമലപ്പാത വന്നാല്‍ ചരക്കു ഗതാഗതത്തില്‍ ഉണര്‍വുവരും. നിലവില്‍ കാലടി റെയില്‍വേ സ്റ്റേഷനും പെരിയാറിന് കുറുകെ ഒരു കിലോമീറ്ററുള്ള പാലവും പണിതിട്ടുണ്ട്.

3. പെരുമ്പാവൂര്‍

പ്ലൈവുഡ് വ്യവസായമേഖലയാണ് പെരുമ്പാവൂര്‍. സംസ്ഥാനത്ത് അതിഥിത്തൊഴിലാളികള്‍ ഏറെയുള്ള സ്ഥലം. പ്ലൈവുഡ്, സ്റ്റീല്‍ ഫര്‍ണിച്ചര്‍, പ്ലാസ്റ്റിക് വ്യവസായങ്ങളുടെ കേന്ദ്രമായ പെരുമ്പാവൂരിന്റെ വികസനത്തിന് പുതിയ സാധ്യതകള്‍ പാത തുറക്കും. നിലവില്‍ റെയിലിനുവേണ്ടി കല്ലിട്ടുപോയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തിട്ടില്ല.

4. ഓടക്കാലി

അശമന്നൂര്‍ പഞ്ചായത്തില്‍ ഏക്കുന്നം പുറച്ചിറ റോഡിനടുത്താണ് ഓടക്കാലി സ്റ്റേഷന്‍. നിലവില്‍ റെയിലിനുവേണ്ടി കല്ലിട്ടുപോയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തിട്ടില്ല.

5. കോതമംഗലം

കോതമംഗലത്തുനിന്ന് 2.7 കിലോമീറ്റര്‍ ദൂരത്തില്‍ വെണ്ടുവഴി ഇലവനാട് കനാല്‍ഭാഗത്താണ് കോതമംഗലം സ്റ്റേഷന്‍.ഇടുക്കി, മൂന്നാര്‍ എന്നിവയുടെ കവാടം എന്ന നിലയിലാണ് എറണാകുളം ജില്ലയുടെ അറ്റത്തുള്ള കോതമംഗലം അറിയപ്പെടുന്നത്. റെയില്‍ പാത വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകും. കല്ലിട്ടെങ്കിലും സ്ഥലമേറ്റെടുത്തിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇട്ട അതിര്‍ത്തിക്കല്ലുകള്‍ വീടുകള്‍ക്കുസമീപം കാണാം.

6. മൂവാറ്റുപുഴ

മൂവാറ്റുപുഴയില്‍ കിഴക്കേക്കരയിലാണ് സ്റ്റേഷന്‍ വരുന്നത്. കിഴക്കേക്കരയും മൂവാറ്റുപുഴ-തേനി ഹൈവേയുടെ തുടക്കവും അടുത്താണ്. റെയില്‍വേ സ്റ്റേഷന് തേനി ഹൈവേയിലേക്ക് നേരിട്ട് ബന്ധവുമുണ്ട്. ഇത് ബസ്-റെയില്‍ സൗകര്യങ്ങള്‍ക്ക് സഹായകമാകും.

7. വാഴക്കുളം

പൈനാപ്പിള്‍നഗരമായ വാഴക്കുളത്തേക്ക് റെയില്‍വേ എത്തുന്നു എന്നതാണ് സ്റ്റേഷന്റെ പ്രാധാന്യം. വാഴക്കുളം ടൗണിനടുത്ത് കല്ലൂര്‍ക്കാട് കവലയില്‍നിന്ന് കല്ലൂര്‍ക്കാടേക്കുള്ള പ്രധാന വഴിയില്‍ 200 മീറ്റര്‍ ദൂരത്താണ് സ്റ്റേഷന്‍ വരുന്നത്. വാഴക്കുളത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെ നടുക്കരയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാരിന്റെ കീഴിലുള്ള വാഴക്കുളം പൈനാപ്പിള്‍ കമ്പനി, പൈനാപ്പിള്‍ ഗവേഷണകേന്ദ്രം എന്നിവയാണ് സ്ഥലത്തെ പ്രധാന സ്ഥാപനങ്ങള്‍. മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ പ്രധാന വിപണികളിലേക്ക് പൈനാപ്പിള്‍ കൊണ്ടുപോകാന്‍ റെയില്‍വേലൈന്‍ വലിയതോതില്‍ സഹായിക്കും.

8. തൊടുപുഴ

തൊടുപുഴ വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസിനുസമീപമാണ് സ്റ്റേഷന്‍ വരിക. ഇടുക്കി ജില്ലയിലെ ആദ്യ റെയില്‍വേസ്റ്റേഷനായി തൊടുപുഴ മാറും. ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, വാഗമണ്‍ എന്നിവിടങ്ങളിലേക്ക് റോഡുമാര്‍ഗം വേഗത്തിലെത്താം. പുല്ലുമേട്ടിലെ കാനനപാത വഴി സന്നിധാനത്തേക്ക് പോകുന്ന ഒട്ടേറെ ഭക്തരുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍നിന്നും ട്രെയിനിലെത്തിയാല്‍, മൂന്നുമണിക്കൂറില്‍ വണ്ടിപ്പെരിയാറിലെത്തി പുല്ലുമേട്ടിലേക്ക് പോകാം.

9. കരിങ്കുന്നം

ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര്‍ത്തി മേഖലയാണിത്. കരിങ്കുന്നത്തുനിന്ന് നെല്ലാപാറയിലേക്കുള്ള ബൈപ്പാസ് റോഡിന് സമീപമാണ് കരിങ്കുന്നം സ്റ്റേഷന്‍ നിര്‍മിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ വരുന്നത് റബ്ബര്‍ മേഖലയ്ക്ക് കൂടുതല്‍ നേട്ടമാകും.

10. രാമപുരം

കോട്ടയം ജില്ലയിലെ ശബരി റെയിലിന്റെ ആദ്യസ്റ്റേഷനായ രാമപുരം സ്റ്റേഷന്‍ പിഴകിലാണ്. ഇവിടെവരെ സ്ഥലം അളന്ന് കല്ലിട്ടുതിരിച്ചു. കര്‍ക്കടകത്തിലെ നാലമ്പലതീര്‍ഥാടനത്തിന് പ്രസിദ്ധമായ രാമപുരം ക്ഷേത്രം സമീപത്താണ്. പ്രശസ്തമായ രാമപുരം പള്ളിയും ഇവിടെയാണ്.

11. ഭരണങ്ങാനം

ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ മേലമ്പാറയില്‍ സ്റ്റേഷന്‍ വരുമെന്നാണ് കരുതുന്നത്. ഏറെ വിശ്വാസികളെത്തുന്ന വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പേരിലുള്ള പ്രസിദ്ധ ക്രൈസ്തവതീര്‍ഥാടനകേന്ദ്രം അടുത്താണ്. വാഗമണ്‍ ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നവര്‍ക്ക് സ്റ്റേഷന്‍ സഹായകമാകും.

12. ചെമ്മലമറ്റം

ഈരാറ്റുപേട്ട റോഡിലെ ചെമ്മലമറ്റത്തും സ്റ്റേഷന്‍ വരും. സര്‍വേ നടന്നിട്ടില്ല. സ്ഥലവും നിശ്ചയിച്ചിട്ടില്ല.

13. കാഞ്ഞിരപ്പള്ളി

ഇടുക്കിയുടെ മലയോരമേഖലയിലുള്ളവര്‍ക്കാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ ഏറെ പ്രയോജനപ്പെടുക. കെ കെ റോഡില്‍ പാറത്തോടിന് സമീപമാവും സ്റ്റേഷന്‍ എന്ന് കരുതുന്നു. സര്‍വേ നടന്നിട്ടില്ല. തേക്കടി, പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് തുടങ്ങിയ വിനോദകേന്ദ്രങ്ങളിലേക്കെത്താന്‍ ഇത് എളുപ്പമാര്‍ഗമാകും.

14. എരുമേലി

ശബരിമല തീര്‍ഥാടര്‍ക്കായി വിഭാവനംചെയ്ത പാതയുടെ അവസാന സ്റ്റേഷനാണിത്. ലക്ഷക്കണക്കിന് ശബരിമല ഭക്തരെത്തി പേട്ടതുള്ളുന്ന സ്ഥലമാണിത്. പേട്ട ശാസ്താക്ഷേത്രവും വാവരുപള്ളിയും സമീപമുണ്ട്. സര്‍വേ നടന്നിട്ടില്ല. എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റില്‍ ശബരിമല വിമാനത്താവളവും വരുന്നുണ്ട്. തീര്‍ഥാടനത്തില്‍ വലിയ വികസനവും സൗകര്യങ്ങളുമാണ് ഇതോടെ വരുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*