പല്ലുതേച്ചു കഴിയുമ്പോൾ മോണയിൽ രക്തം വരാറുണ്ടോ? പലരും വായ കഴുകിക്കഴിഞ്ഞാൽ ഇക്കാര്യം മറക്കും. ഇത് ഒരുപക്ഷെ മോണ സംബന്ധമായ ജിൻജിവൈറ്റിസ് അല്ലെങ്കിൽ പീരിയോഡോൺട്ടിട്ടിസ് എന്നീ അസുഖങ്ങളുടെ ആദ്യഘട്ടത്തിലെ അടയാളമായിരിക്കും. അവഗിക്കുന്നത് ചിലപ്പോൾ പല്ലുകൾ നഷ്ടമാകാൻ ഇടയാക്കിയേക്കും. നീർവീക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം.
ബ്ലീഡിങ് ഗമ്മുകൾക്കുള്ള പ്രധാന കാരണം ദന്തശുചിത്വമില്ലായ്മയാണ്. ശരിയായ രീതിയിൽ പല്ലുകൾ ബ്രഷ് ചെയ്യാതിരുന്നാൽ പല്ലുകൾക്കും മോണകൾക്കും മുകളിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഇത് ക്രമേണ പെരുകാനും മോണകളുടെ കലകൾ അസ്വസ്ഥമാക്കാനും കാരണമാകും. ഇതിന് പിന്നാലെയാണ് നീർവീക്കവും ബ്ലീഡിങ്ങും ഉണ്ടാകുന്നത്.
പ്ലാക്ക് അടിഞ്ഞുകൂടി ഉണ്ടാകുന്ന മോണ രോഗത്തിന്റെ ആദ്യ ഘട്ടമാണ് ജിൻജിവിറ്റിസ്. മോണ ചുവന്ന് വീർക്കുകയും ഈ ഘട്ടത്തിൽ ബ്രഷ് ചെയ്യുമ്പോൾ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ചികിത്സ തേടിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ പീരിയോഡോൻട്ടിട്ടിസ് എന്ന അവസ്ഥയിലേക്ക് നയിക്കും. പോഷകക്കുറവും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം.
പോഷകക്കുറവ്
കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് സഹായകമാകുന്ന വിറ്റാമിൻ സി മോണകളുടെ ആരോഗ്യത്തിനും പ്രധാനമാണ്. വിറ്റാമിൻ കെയാണ് രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത്. ഇതിലേതെങ്കിലും ഒന്നിന്റെ കുറവ് മോണയിലെ കലകളെ ദുർബലമാക്കും പിന്നാലെ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യും.
സിട്രസ് പഴങ്ങൾ, ഇലക്കറിക്കൾ, ബെറികൾ, പച്ചക്കറികൾ എന്നിവ മോണ സംബന്ധമായ പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ സഹായിക്കും. ഇവയിലൂടെ മതിയായ അളവിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ലഭിക്കും.
ഹോർമോൺ വ്യതിയാനം
ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനവും മോണകളുടെ ആരോഗ്യത്തെ ബാധിക്കും. ഗർഭാവസ്ഥ, ആർത്തവം, ആർത്തവവിരാമം എന്നീ അവസ്ഥകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മോണകളെ സെൻസിറ്റീവാക്കും. ഇതും ബ്ലീഡിങ്ങിലേക്ക് നയിക്കും.
വൃത്തിയില്ലായ്മ, ഡയറ്റിലുണ്ടാകുന്ന മാറ്റം (അമിതമായി കാർബോ ഹൈഡ്രേറ്റുകൾ കഴിക്കുന്നത്), മോർണിങ് സിക്ക്‌നസ് എന്നിവയെല്ലാം അവസ്ഥ കൂടുതൽ വഷളാക്കും. 60 മുതൽ 75 ശതമാനത്തോളം ഗർഭിണികളെ ബാധിക്കുന്ന പ്രശ്‌നമാണ് പ്രഗ്നൻസി ജിൻജിവിറ്റിസെന്ന് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ റിപ്പോർട്ടിൽ പറയുന്നു.
മരുന്നുകൾ
ബ്ലഡ് തിന്നർ പോലുള്ള മരുന്നുകൾ രക്തം കട്ടപിടിക്കുന്നതിനെ പ്രതിരോധിക്കും. പ്രമേഹം, രക്തസംബന്ധമായ ഹീമോഫീലിയ പോലുള്ള മറ്റ് അസുഖങ്ങൾ ബ്ലീഡിങ് ഗമ്മുകൾക്ക് കാരണമാകും. ഉപ്പുവെള്ളം കൊണ്ടു കുലുക്കുഴിയുക, പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക, വിറ്റാമിൻ സി – വിറ്റാമിൻ കെ എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുക ടീ ട്രീ ഓയിൽ ഒന്നോ രണ്ടോ തുള്ളി വെള്ളത്തിലോ വെളിച്ചെണ്ണയിലോ മിക്‌സാക്കി രണ്ടു തവണ ദിവസേന വായയിൽ കൊള്ളുക, മോണയിലും മറ്റും അണുബാധ ഉണ്ടായിൽ മഞ്ഞൾ പേസ്റ്റ് രൂപത്തിലാക്കി തേയ്ക്കുക (വെള്ളത്തിലോ വെളിച്ചെണ്ണയിലോ കുഴയ്ക്കാം) എന്നീ മാർഗങ്ങൾ പരീക്ഷിക്കാം.



Be the first to comment