ഉറക്കക്കുറവ് മാത്രമല്ല, കണ്ണിന് ചുറ്റുമുള്ള കറുപ്പ് ചില രോ​ഗങ്ങളുടെ സൂചനയാകാം

കണ്ണിന് ചുറ്റുമുള്ള കറുപ്പ് പലരുടെയും ആത്മവിശ്വാസത്തെ കെടുത്തുന്നതാണ്. ഉറക്കക്കുറവാണ് ഇതിന് പിന്നിലെ കാരണമെന്നാണ് പൊതുവായ ധാരണ. എന്നാൽ ചിലര്‍ നന്നായി ഉറങ്ങുന്നുണ്ടെങ്കിലും കണ്ണിന് താഴെയുള്ള ഈ കറുപ്പ് മാറാറില്ല. ഉറക്കമില്ലായ്മ മാത്രമല്ല പല ആരോ​ഗ്യപ്രശ്നങ്ങളുടെയും ശരീരം നൽകുന്ന സൂചന കൂടിയാണ് കണ്ണിന് താഴെയുള്ള കറുപ്പ് എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

അലര്‍ജിയും നിര്‍ജ്ജലീകരണവും കാരണം ഇത്തരത്തിൽ കണ്ണിന് താഴെ കറുപ്പ് വരാൻ സാധ്യതയുണ്ടെന്ന് ചർമരോ​ഗ വിദ​ഗ്ധർ പറയുന്നു. ഇരുമ്പ്, വിറ്റാമിന്‍ ഡി, കെ, ഇ, ബി എന്നിവയുടെ കുറവു മൂലവും കണ്ണിന് ചുറ്റും കറുത്തപാടുകള്‍ വരാം. തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷങ്ങളിൽ ഒന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ്. അതുകൊണ്ട് തന്നെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയിട്ടും കണ്ണിന് താഴെ കാണുന്ന കറുപ്പ് മാറുന്നില്ലെങ്കില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ കുഴിഞ്ഞ കണ്ണുള്ളവര്‍ക്കും സ്വാഭാവികമായി കണ്ണിന് താഴെ കറുത്ത പാടുകള്‍ ഉണ്ടാകാം.

ഹീമോഗ്ലോബിൻ കുറയുന്നതും ചില മരുന്നുകളോടുള്ള അലർജിയും വരണ്ട ചർമ്മമുള്ളവർക്കും അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. ഇവ മാറാൻ വിപണിയിൽ കാണുന്ന പല തരം ക്രീമുകൾ വാങ്ങി ഉപയോ​ഗിക്കുമെങ്കിലും ശരിയായ വൈദ്യ സഹായം തേടി കണ്ണിന് താഴത്തെ കറുപ്പിന് യഥാർഥ കാരണം മനസിലാക്കി ചികിത്സിക്കുന്നതാണ് ഏറ്റവും പ്രധാനം.

ശരിയായ പോഷകാഹാരം, നല്ല ഉറക്കം, സമ്മർദ്ദം കുറയ്ക്കൽ എന്നിവ ഇവയെ ഒരു പരിധിവരെ മെച്ചപ്പെടുത്തും. മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും ഇത് കാലക്രമേണ ഇവ കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിൽ കൂടുതൽ മഗ്നീഷ്യം ഉൾപ്പെടുത്താൻ ശ്രമിക്കുക. ചർമ്മത്തിൻ്റെ ആരോഗ്യത്തിൽ മഗ്നീഷ്യം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കും. ബദാം, പിസ്ത, ചീര, അവോക്കാഡോ തുടങ്ങിയവയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*