
ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിന് സമാനമായി ഓഡിയോ ഉപയോഗിച്ച് മോഷന്‍ പിക്ചറുകള്‍ സൃഷ്ടിക്കാനും ഷെയര്‍ ചെയ്യാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളില്‍ പരീക്ഷിച്ച് വരികയാണെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആന്‍ഡ്രോയിഡ് ബീറ്റാ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമായ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.25.22.29-ല്‍ മോഷന്‍ പിക്ചര്‍ ഫീച്ചര്‍ ലഭ്യമാണ്. ഗാലറിയില്‍ നിന്ന് ഫോട്ടോ തെരഞ്ഞെടുക്കുമ്പോള്‍, മുകളില്‍ വലത് ഭാഗത്ത് ഒരു പുതിയ ഓപ്ഷന്‍ കാണാന്‍ സാധിക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ പങ്കിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ പറയുന്നത്. ഈ ഓപ്ഷനില്‍ ടാപ്പ് ചെയ്യുന്നത് ഒരു സ്റ്റില്‍ ഇമേജിനെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാന്‍ കഴിയുന്ന ഒരു മോഷന്‍ പിക്ചറാക്കി മാറ്റാന്‍ നിങ്ങളെ അനുവദിക്കും. ഫീച്ചറില്‍ ഒരു പ്ലേ ബട്ടണും ഉള്‍പ്പെടും, ഇത് ഒരു മോഷന്‍ പിക്ചറാണെന്ന് മനസിലാക്കാനാണ്. ഫീച്ചറില്‍ ഓഡിയോ ചേര്‍ക്കാനും സൗകര്യമുണ്ട്.
സാംസങ്, ഗൂഗിള്‍ പോലുള്ള ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി മുന്‍നിര ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലും ചില മിഡ്-റേഞ്ച് മോഡലുകളിലും ഈഫീച്ചര്‍ ഇതിനകം ലഭ്യമാണ്. വാട്സ്ആപ്പ് ഈ ഫീച്ചര്‍ നേരിട്ട് ആപ്പിലേക്ക് ചേര്‍ക്കുന്നു. അതേസമയം, അനാവശ്യ ഗ്രൂപ്പ് ചാറ്റുകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോള്‍, കോണ്‍ടാക്റ്റുകളില്‍ ഇല്ലാത്ത ഒരാള്‍ ഒരു ഗ്രൂപ്പിലേക്ക് ചേര്‍ക്കുമ്പോള്‍ ഒരു അറിയിപ്പ് ലഭിക്കും. ഗ്രൂപ്പിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍, അതില്‍ എത്ര പേരുണ്ട്, നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ ഉള്ളവരാണോ, തുടങ്ങിയ വിവരങ്ങള്‍ ഈ സന്ദേശത്തില്‍ കാണാം.
Be the first to comment