ഫെയ്‌സ്ബുക്കിനെ പോലെ, കവര്‍ ഫോട്ടോ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. കവര്‍ ഫോട്ടോകള്‍ ക്രമീകരിക്കാന്‍ നിലവില്‍ വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഉടന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായേക്കാമെന്നും ഫീച്ചര്‍ ട്രാക്കറായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ സെറ്റിങ്‌സില്‍ നിന്ന് ചിത്രം തെരഞ്ഞെടുക്കാം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന കവര്‍ ഫോട്ടോ ഉപയോക്താവിന്റെ പ്രൊഫൈലിന് മുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത് ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കാണുന്നതിനോട് സമാനമായിരിക്കും.

കവര്‍ ഫോട്ടോ സെലക്ടര്‍ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ നല്‍കിയിട്ടുണ്ട്. കവര്‍ ഫോട്ടോകള്‍ക്കായി ഒരു പുതിയ പ്രൈവസി സെറ്റിങ്‌സ് വാട്സ്ആപ്പ് അവതരിപ്പിക്കുമെന്നും ഇത് ഉപയോക്താക്കള്‍ക്ക് ആര്‍ക്കൊക്കെ അവ കാണാമെന്ന നിയന്ത്രണം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. നിലവില്‍ പരീക്ഷണത്തിലുള്ള ഓപ്ഷനുകളില്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ ഫോട്ടോ ക്രമീകരണങ്ങളില്‍ ലഭ്യമായ ഓപ്ഷനുകള്‍ക്ക് സമാനമായി, എവരിവണ്‍, മൈ കോണ്‍ടാക്റ്റ്‌സ്, നോബഡി എന്നിവ ഉള്‍പ്പെടുന്നു.

എവരിവണ്‍ തിരഞ്ഞെടുത്താല്‍ നിങ്ങളുടെ കവര്‍ ഫോട്ടോ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ദൃശ്യമാകും. അതായത് നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്ക് പോലും അത് കാണാന്‍ സാധിക്കും. മൈ കോണ്‍ടാക്റ്റ്‌സ് തെരഞ്ഞെടുത്താല്‍ ഇത് സേവ് ചെയ്ത കോണ്‍ടാക്റ്റുകള്‍ക്ക് മാത്രമേ ദൃശ്യമാകൂ. അതേസമയം ‘നോബഡി’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നത് എല്ലാവരില്‍ നിന്നും കവര്‍ ഫോട്ടോ മറയ്ക്കും. ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കും കവര്‍ ചിത്രം കാണാന്‍ സാധിക്കില്ല.

Be the first to comment

Leave a Reply

Your email address will not be published.


*