ഹൈദരാബാദ്: നിരന്തരം പുതുപുത്തൻ ഫീച്ചറുകളുമായി എത്തുന്ന ജനപ്രിയ മെസേജിങ് ആപ്പാണ് വാട്‌സ്‌ആപ്പ്. പുതുവർഷത്തിന്‍റെ ആരംഭത്തിൽ തന്നെ പുതിയ സവിശേഷതകളുമായി എത്തിയിരിക്കുകയാണ് വാട്‌സ്‌ആപ്പ്. ഗ്രൂപ്പ് ചാറ്റ് അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന ചില പ്രത്യേക സവിശേഷതകളുമായാണ് പ്ലാറ്റ്‌ഫോം ഇത്തവണ എത്തിയിരിക്കുന്നത്.
വെറുമൊരു മെസേജിങ് ആപ്പെന്ന് മാത്രമല്ല, വിദൂരത്താണെങ്കിൽ പോലും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ബന്ധം പുലർത്താനും, ജോലി ആവശ്യങ്ങൾക്ക് സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താനുമൊക്കെ ഒരു എളുപ്പ മാർഗം കൂടിയാണിത്. ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ വ്യക്തിപരവും സംഘടിതവുമാക്കുന്നതിലാണ് വാട്‌സ്‌ആപ്പിന്‍റെ പുതിയ അപ്‌ഡേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ സവിശേഷതകളിലേക്ക്.
മെമ്പേഴ്‌സ് ടാഗ്: വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ഓരോ അംഗങ്ങൾക്കും അവരുടെ പങ്കിനനുസരിച്ച് വ്യത്യസ്‌ത ടാഗുകൾ നൽകാവുന്നതാണ് പുതിയ ഫീച്ചറായ മെമ്പേഴ്‌സ് ടാഗ്. അതായത് നിങ്ങൾ പഠനാവശ്യത്തിനായി ഒരു ക്ലാസ് ഗ്രൂപ്പ് തയ്യാറാക്കിയെന്ന് കരുതുക. ഒന്നിലധികം അധ്യാപകരുണ്ടെങ്കിൽ, ഓരോ അധ്യാപകർക്കും ‘teacher’ എന്ന ടാഗും വിദ്യാർഥികൾക്ക് ‘student’ എന്ന ടാഗും നൽകാം. മറ്റൊരു ഉദാഹരണം പരിശോധിക്കാം. നിങ്ങളുടെ ഓഫിസിലെ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിൽ മാനേജർ മുതൽ എല്ലാ തലത്തിലുമുള്ള ജോലിക്കാർ ഉണ്ടെന്ന് കരുതുക. മാനേജർക്ക് ‘manager’ എന്ന മെമ്പേഴ്‌സ് ടാഗ് നൽകാം. ഇത്തരത്തിൽ ഓരോ ഗ്രൂപ്പിലും നിങ്ങളുടെ റോൾ എന്താണോ, അതിനനുസരിച്ച് വ്യത്യസ്‌ത ടാഗുകൾ നൽകാം. ഓരോ ഗ്രൂപ്പിലെയും അംഗങ്ങളെ തിരിച്ചറിയുന്നതിനും അവരുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതിനും പുതിയ ഫീച്ചർ സഹായിക്കും.
ടെക്സ്റ്റ് സ്റ്റിക്കറുകൾ: ഏത് വാക്കുകളും വാട്‌സ്‌ആപ്പിൽ തന്നെ സ്റ്റിക്കറാക്കി മാറ്റാവുന്നതാണ് പുതിയ ഫീച്ചർ. ഇനി ചാറ്റുകൾക്കിടയിൽ ഇമോജികൾക്കും, മുൻകൂട്ടി തയ്യാറാക്കിയ സ്റ്റിക്കറുകൾക്കും പകരം സ്റ്റിക്കറുകൾ തയ്യാറാക്കാം. സ്റ്റിക്കർ സെർച്ചിൽ പോയി എന്തെങ്കിലും ടെക്സ്റ്റ് ടൈപ്പ് ചെയ്‌താൽ സ്റ്റിക്കർ സൃഷ്‌ടിക്കപ്പെടും. പുതുതായി സൃഷ്‌ട്ടിച്ച സ്റ്റിക്കറുകൾ ചാറ്റിലേക്ക് അയയ്ക്കാതെ തന്നെ ഇതിനകം നിർമിച്ചവയടങ്ങുന്ന സ്റ്റിക്കർ പാക്കിലേക്ക് നേരിട്ട് ചേർക്കാൻ കഴിയും എന്നതാണ് ഇതിന്‍ പ്രത്യേകത.
ഇവന്‍റ് റിമൈൻഡറുകൾ: വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ തീരുമാനിക്കുന്ന ഏതൊരു ഇവന്‍റിനും കസ്റ്റം റിമൈൻഡറുകൾ സജ്ജമാക്കാനാവുന്നതാണ് പുതിയ ഫീച്ചർ. ഒരു പാർട്ടിയോ, മീറ്റിങോ അല്ലെങ്കിൽ ഓൺലൈൻ കോളോ നേരത്തെ പ്ലാൻ ചെയ്‌തുവെന്ന് കരുതുക. പുതിയ ഫീച്ചർ വഴി റിമൈനഡർ സജ്ജീകരിച്ചാൽ ഇവന്‍റിന് മുന്നോടിയായി ഗ്രൂപ്പിലെ അംഗങ്ങൾക്ക് അറിയിപ്പ് ലഭിക്കും. ഇത് പ്രധാനപ്പെട്ട പരിപാടികളൊന്നും ഗ്രൂപ്പിലെ അംഗങ്ങളാരും മറക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു.
ഉപയോക്താക്കൾക്കായി നിരവധി പുതിയ സവിശേഷതകളുമായി വാട്‌സ്‌ആപ്പ് ഇടയ്‌ക്കിടെ എത്താറുണ്ട്. പുതിയ സവിശേഷതകൾക്ക് പുറമേ, വലിയ ഫയലുകൾ പങ്കിടൽ, HD മീഡിയ, സ്‌ക്രീൻ പങ്കിടൽ, വോയ്‌സ് ചാറ്റ് തുടങ്ങിയ നിരവധി സവിശേഷതകൾ വാട്‌സ്‌ആപ്പ് ഇതിനകം തന്നെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഗ്രൂപ്പ് ചാറ്റ് അനുഭവത്തിൽ ഇനിയും കൂടുതൽ മെച്ചപ്പെടുത്തലുകൾ വരുത്തുമെന്നാണ് മെറ്റ പറയുന്നത്.



Be the first to comment