ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. രാവിലെ ഒരു ​ഗ്ലാസ് ചെറുചൂടു വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നതു കൊണ്ട് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ടാകുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഭക്ഷണത്തിനിടെ വെള്ളം കുടിക്കാമോ? അത് ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പലരുടെയും പ്രധാന സംശയമാണ്.

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന ശീലം മിക്കയാളുകളിലും ഉണ്ടാകും, എന്നാൽ ഭക്ഷണത്തോടൊപ്പം അമിതമായി വെള്ളം കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം ശരിയായി ദഹിക്കാന്‍ ആവശ്യമായ എന്‍സൈമുകളെ നേര്‍പ്പിക്കാന്‍ വെള്ളത്തിന് കഴിയും. അതേസമയം ചെറിയ അളവില്‍ കുടിക്കുന്നത് പ്രശ്‌നമില്ല. എയ്‌റേറ്റഡ് പാനീയങ്ങള്‍ ഭക്ഷണത്തിനൊപ്പം കുടിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ അല്‍പം നാരങ്ങയോ ഇഞ്ചിനീരോ ചേര്‍ക്കുന്നതില്‍ കുഴപ്പമുല്ല. നേരിയ ചൂടില്‍ വെള്ളം കുടിക്കുന്നത് കുഴപ്പമില്ലെങ്കിലും തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തിലുള്ള എണ്ണമയമടങ്ങിയ പദാര്‍ത്ഥങ്ങളെ കട്ടിയാക്കുകയും ഇത് വളരെ പെട്ടെന്ന് കൊഴിപ്പായി മാറുകയും ചെയ്യും.

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കണോ?

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് വെള്ളം കുടിക്കുന്ന ശീലം പര്‍ക്കുമുണ്ട്. ചിലര്‍ ദാഹം കൊണ്ട് കുടിക്കുമ്പോള്‍ മറ്റുചിലര്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഈ ശീലം ദഹനത്തെയും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനെയും പ്രതികൂലമായി ബാധിക്കും. ഗ്യാസ്ട്രിക് സിസ്റ്റത്തില്‍ ഒരു ദ്രാവക-ഖര അനുപാതമുണ്ട്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെ നേര്‍പ്പിക്കുക മാത്രമല്ല ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണത്തിന് തൊട്ടുമുന്‍പ് വെള്ളം കുടിക്കുന്നതിന് പകരം അര മണിക്കൂര്‍ മുന്‍പെങ്കിലും കുടിക്കുന്നതാണ് നല്ലത്.

ഭക്ഷണത്തിന് ശേഷമോ?

ഭക്ഷണത്തിന് മുമ്പും അതിനിടയിലും വെള്ളം കുടിക്കുന്നതിനെ അത്ര കണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല, അപ്പോള്‍ ഭക്ഷണ ശേഷം വെള്ളം കുടിക്കാമോ? എന്നാല്‍ പാടില്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. ദഹനപ്രക്രിയയെ ഇത് തടസ്സപ്പെടുത്തും. ഇത് ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിനും ശരീരത്തിലെ ഇന്‍സുലിന്‍ അളവിനെ ബാധിക്കാനും കാരണമാകും. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളം പൂര്‍ണ്ണമായും കുടിക്കുന്നതിന് പകരം ചെറിയ അളവില്‍ കുടിക്കുന്നതാണ് നല്ലത്. അപ്പോഴും തണുത്ത വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*