2026നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോക രാജ്യങ്ങളെല്ലാം. പല നഗരങ്ങളിലും വര്‍ണാഭമായ വെടിക്കെട്ടുകളോടെയും മറ്റ് ആഘോഷങ്ങളിലൂടെയുമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ഡിസംബർ 31 അര്‍ധരാത്രി ക്ലോക്കിലെ സൂചി കൃത്യം 12 മണിയിലെത്തുമ്പോള്‍ ലോകം പുതുവത്സരാഘോഷത്തിലേക്ക് കടക്കും. പുതിയ തീരുമാനങ്ങളും ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമെല്ലാം പൂവണിയും എന്ന പ്രത്യാശയോടെ…
മികച്ച മാറ്റങ്ങള്‍ക്ക് തുടക്കമിടാനുള്ള നല്ല സമയം കൂടിയാണ് പുതുവര്‍ഷം. 2026ലേക്കുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചെങ്കിലും എല്ലാ രാജ്യങ്ങളിലും പുതുവര്‍ഷം ആഘോഷിക്കുന്നത് ഒരേ സമയത്തല്ല. ഭൂമിയുടെ ഭ്രമണം, സമയം എന്നിവയിലെ വ്യത്യാസമാണ് ഇതിന് കാരണം. ന്യൂഇയർ ആദ്യവും അവസാനവും ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കിയാലോ.
പുതുവത്സരാഘോഷത്തിന്‍റെ ചരിത്രം:
നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലിലോണിയക്കാരാണ് പുതുവര്‍ഷാഘോഷത്തിന് തുടക്കം കുറിച്ചതെന്നാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് രണ്ടാം പകുതിയോടെ എത്തുന്ന പൗര്‍ണമി ദിനമാണ് ഇവര്‍ പുതുവത്സരാഘോഷത്തിനായി തെരഞ്ഞെടുത്തത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനമായിരുന്നു ഇത്.
മെസപ്പട്ടോമിയയിലും ഇതേ ദിവസം തന്നെ പുതുവത്സരാഘോഷത്തിനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇന്ന് മിക്കയിടങ്ങളിലും ഗ്രിഗോറിയന്‍ കലണ്ടറിന്‍റെ അവസാന മാസത്തിലെ അവസാന ദിനമായ ഡിസംബര്‍ 31ന് രാത്രിയിലാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പുതുവത്സര ദിനമായ ജനുവരി ഒന്നാം തീയതിയിലേക്കും ആഘോഷങ്ങള്‍ നീളുന്നു.
ആദ്യം ഞങ്ങളാണേ…..
ലോകത്ത് പുതുവര്‍ഷം ആദ്യം ആഘോഷിക്കുന്നത് പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബതി എന്നിവിടങ്ങളിലാണ്. 2025ലെ ന്യൂഇയർ ആദ്യം പിറന്നത് കിരിബതിയിലാണ്. ഇത്തവണയും ആദ്യം പുതുവർഷത്തെ സ്വാഗതം ചെയ്യുന്ന രാജ്യവും ഇത് തന്നെയാണ്. കിരിബതിക്ക് പിന്നാലെ അയൽരാജ്യമായ ടോംഗയും സമോവയും പുതുവത്സരാഘോഷത്തിലേക്ക് കടക്കും. ഇന്ത്യൻ സമയത്തേക്കാൾ 8.5 മണിക്കൂർ മുന്നിലാണ് ഇവിടുത്തെ സമയം.
ഉദാഹരണത്തിന് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) ഏകദേശം 3.30 ആകുമ്പോഴേക്കും കിരിബതിയിൽ അർധരാത്രി ആയിട്ടുണ്ടാകും. പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സമോവ, പുതുവത്സരത്തെ സ്വാഗതം ചെയ്യുന്ന അടുത്ത രാജ്യങ്ങളിൽ ഒന്നാണ്, കിരിബതിയുമായി സമാനമായ സമയ മേഖല പങ്കിടുന്നു, തൊട്ടുപിന്നിൽ ടോംഗയും. അതേസമയം, പുതുവർഷം ആഘോഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 41-ാം സ്ഥാനത്താണ്. നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ഏകദേശം ഇതേ സമയത്താണ് ആഘോഷിക്കുന്നത്.
ഒടുവിൽ ഞങ്ങളും എത്തും
അമേരിക്കയ്ക്ക് അടുത്തുള്ള ജനവാസ ദ്വീപുകളായ ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപുകള്‍ എന്നിവയാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന അവസാന സ്ഥലങ്ങള്‍. ജനുവരി ഒന്നിന് GMT ഉച്ചയ്ക്ക് 12 മണിക്ക് അല്ലെങ്കിൽ IST 5:30 നാണ് ഈ രാജ്യം പുതുവർഷം ആഘോഷിക്കുന്നത്.



Be the first to comment