തിരുവോണം ബമ്പറായ 25 കോടി നേടിയ ഭാഗ്യശാലിയെ കാത്തിരിക്കുകയാണ് കേരളം. 25 കോടിയെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുമൊന്ന് അമ്പരക്കും. ഇത്രയും രൂപ ഒറ്റയടിക്ക് കയ്യിലെത്തുമോ എന്ന് പലരും സംശയിക്കുന്നുമുണ്ടാകും. എന്നാല്‍ ഒന്നാം സമ്മാനം കിട്ടിയ വ്യക്തിക്ക് ഈ തുക മുഴുവനായും കയ്യില്‍ കിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 15.75 കോടി രൂപയാണ് ഭാഗ്യശാലിയുടെ കീശയിലെത്തുക. ബാക്കി തുക ഏജന്റിനുള്ള കമ്മീഷനായും നികുതിയാകും പോകും.
നെട്ടൂര്‍ സ്വദേശിയെയാണ് ഇത്തവണ ഭാഗ്യം തുണച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിയോടെ ഭാഗ്യശാലി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുമെന്നാണ് വ്യക്തമാകുന്നത്. ഏജന്റ് ലതീഷിന്റെ സുഹൃത്ത് ടിക്കറ്റെടുത്ത ആളെ കണ്ടു. ഒരു സ്ത്രീക്കാണ് ലോട്ടറി അടിച്ചതെന്നും വീട് പൂട്ടിയ നിലയിലാണെന്നും വിവരമുണ്ട്. അവർ രണ്ട് ടിക്കറ്റ് എടുത്തിരുന്നു. അതിലൊന്നിനാണ് ബമ്പറടിച്ചത്. വീട്ടുജോലിക്ക് പോകുന്ന സ്ത്രീയാണെന്നും അർഹതപ്പെട്ടയാൾക്കാണ് ലോട്ടറി അടിച്ചതെന്നും ലതീഷ് പറഞ്ഞു.
മാസങ്ങളുടെ ഇടവേളയില്‍ തന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ഒരു കോടിയും 25 കോടിയും അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജന്റായ ലതീഷ്. പാലക്കാട് തിരുവനന്തപുരം വഴി കൊച്ചി നെട്ടൂരിലേക്ക് എത്തിയ ഒരു ബമ്പര്‍ ഭാഗ്യ കഥയാണ് കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടത്. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.
ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നും ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടി.



Be the first to comment