
തിരുവനന്തപുരം: റോഡുകളിലെ മഞ്ഞ ബോക്‌സുകള്‍ പലരും കണ്ടിട്ടുണ്ടാവും. ജംഗ്ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. എന്നാല്‍ ഈ മാര്‍ക്കിങ് എന്തിനാണെന്ന് ആര്‍ക്കൊക്കെ അറിയാം? ചോദ്യം കേരള പോലീസിന്റേതാണ്. ഉത്തരവും കേരള പോലീസ് തന്നെ പറയുന്നു. തിരക്കുള്ള ജംഗ്ഷനുകളില്‍ തടസ്സം കൂടാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും, ട്രാഫിക് തടസ്സങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് യെല്ലോ ബോക്‌സ് അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാര്‍ക്കിങ്ങുകള്‍.
റോഡ് മാര്‍ക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും, അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ളതോ, രണ്ടോ അതിലധികമോ പ്രധാന റോഡുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നത്. ബോക്‌സ് മാര്‍ക്കിങിന്റെ ഗണത്തില്‍ പെട്ട ( IRC Code BM-06) മാര്‍ക്കിങ് ആണ് ഇത്. ഒരേ ദിശയില്‍ വരുന്ന വാഹനങ്ങള്‍ യെല്ലോ ബോക്‌സ് ഏരിയയില്‍ നിര്‍ത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഡ്രൈവര്‍മാര്‍ അവിടേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നതാണ് ഇതിന്റെ ലളിതമായ തത്വം. ഡ്രൈവര്‍മാര്‍ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു കാരണവശാലും അവിടെ വാഹനം നിര്‍ത്താനോ പാര്‍ക്ക് ചെയ്യാനോ അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹവുമാണ്. ചുരുക്കി പറഞ്ഞാല്‍ ട്രാഫിക് തിരക്കുകള്‍ സ്വയം നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള പരിഷ്‌കൃത സമൂഹത്തിന്റെ മുഖമുദ്രയാണ് യെല്ലോ ബോക്‌സ് മാര്‍ക്കിങുകളെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്കിലൂടെ കേരള പോലീസ് വിവിധ വിഷയങ്ങളില്‍ ജനങ്ങളോട് സംവദിക്കാറുണ്ട്. അനുകൂലവും പ്രതികൂലവുമായി ആളുകള്‍ ഇത്തരം പോസ്റ്റുകളോട് പ്രതികരിക്കാറുമുണ്ട്. ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ കമന്റുകളാണ് ഈ പോസ്റ്റിന്റെ താഴെയും പ്രതികരണങ്ങളായി നിറയുന്നത്. കൊട്ടാരക്കര-തിരുവനന്തപുരം റോഡുകളില്‍ ഒരുപാട് വരകള്‍ കാണാമെന്നും അത് മിക്കവര്‍ക്കും അറിയില്ലെന്നും, പുതിയ വരകള്‍ വരയ്ക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കണമെന്നുമാണ് ഒരാളുടെ കമന്റ്. ഇത്തരം നിയമങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് മറ്റൊരു കമന്റ്. കണ്ണിലും മനസിലും മഞ്ഞവരയുള്ള ഒരു അധപതിച്ച ഒരു സമൂഹമാണ് നമ്മള്‍ മലയാളികളെന്നും റോഡിന് നടുക്ക് തുടര്‍ച്ചയായി വരച്ച വര എന്തിനാണെന്നും സീബ്രാ ലൈന്‍ കാണുമ്പോള്‍ സ്പീഡില്‍ പോകാനാണെന്നും ധരിച്ചവരോടാണ് മഞ്ഞ വരയെപ്പറ്റി പറയുന്നത്.എന്നു തുടങ്ങി അഭിപ്രായങ്ങളുടെ പൂരമാണ് പോസ്റ്റിന് താഴെ നിറയുന്നത്.
Be the first to comment