കാൻസർ രോ​ഗികളിൽ ശരീരഭാരം പെട്ടെന്ന് കുറയുന്നത് എന്തുകൊണ്ട്?

മിക്ക കാൻസർ രോ​ഗികളിലും പ്രധാനമായും കാണുന്ന ഒരു ലക്ഷണമാണ് പെട്ടെന്ന് ശരീരഭാരം കുറയുന്നത്. കാഷെക്സിയ എന്നാണ് ഈ അവസ്ഥയെ ​വിശേഷിപ്പിക്കുന്നത്. രോ​ഗപ്രതിരോധ ശേഷി ദുർബലപ്പെടുത്താനും മരുന്നുകളോടുള്ള പ്രതികരണം കുറയ്ക്കാനും ഇത് കാരണമാകും. അതിലൂടെ രോ​ഗികൾ പെട്ടെന്ന് മരണത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു.

തലച്ചോറും കരളും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നമാണ് പല കാൻസർ രോ​ഗികളിലും ശരീരഭാരം ​ഗണ്യമായി കുറയാൻ കാരണമെന്ന് ജേണൽ സെല്ലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു.

എന്താണ് കാഷെക്സിയ

പേശികളും കൊഴുപ്പും നഷ്ടപ്പെടുന്ന ​ഗുരുതര രോ​ഗാവസ്ഥയാണ് കാഷെക്സിയ. മൂന്നിലൊന്ന് കാൻസർ രോ​ഗികളിലും കാഷെക്സിയ ഉണ്ടാകാറുണ്ട്. കൂടാതെ പാൻക്രിയാറ്റിക്, ശ്വാസകോശ അർബുദം പോലുള്ള അർബുദങ്ങളിൽ ഇത് വളരെ സാധാരണമാണ്. ഈ അവസ്ഥ രോ​ഗികളുടെ രോ​ഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചികിത്സയോട് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇത് മരണ സാധ്യത വർധിപ്പിക്കുന്നു.

കാൻസർ കോശങ്ങൾ മൂലമുണ്ടാകുന്ന വീക്കം തലച്ചോറില്‍ നിന്നുള്ള വാ​ഗസ് നാഡിയിലൂടെ അയയ്ക്കുന്ന സി​ഗ്നലുകളെ ക്രമരഹിതമാക്കും. തലച്ചോറിനെയും കരളിനെയും ബന്ധിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നതിൽ വാ​ഗസ് നാഡി പ്രധാന പങ്ക് വഹിക്കുന്നു.

വാ​ഗസ് നാഡി ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ അത് കരളിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും കാഷെക്സിയ എന്ന അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഇസ്രായേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും യുഎസിലെ ടെക്സസ് യൂണിവേഴ്സിറ്റി എംഡി ആൻഡേഴ്സൺ കാൻസർ സെന്ററും സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നു.

എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഒരു നോൺ-ഇൻവേസീവ് രീതിയിലൂടെ വലത് വാ​ഗസ് നാഡി തടഞ്ഞു. ഇത് കാഷെക്സിയ എന്ന അവസ്ഥ വികസിക്കുന്നത് തടഞ്ഞതായി ​ഗവേഷകർ കണ്ടെത്തി. കൂടാതെ കീമോതെറാപ്പിയോട് എലികളെ നന്നായി പ്രതികരിക്കാൻ ഇത് സഹായിച്ചു. കൂടാതെ അവയുടെ ആരോ​ഗ്യവും അതിജീവനവും മെച്ചപ്പെടുത്തിയതായി പഠനത്തിൽ പറയുന്നു.

ആരോ​ഗ്യത്തിന് തലച്ചോറും ശരീരവും തമ്മിലുള്ള ആശയവിനിമയം എത്രത്തോലം പ്രധാനമാണെന്ന് ഈ പഠനം തെളിയിക്കുന്നു. ഞരമ്പുകൾ മെറ്റബോളിസത്തെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് മനസിലാക്കുന്നത്, മറ്റ് രോ​ഗങ്ങളെയും ചികിത്സിക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. പുതിയ കണ്ടെത്തൽ ലോകത്ത് ദശലക്ഷക്കണക്കിന് കാൻസർ രോ​ഗികൾക്ക് പ്രതീക്ഷയും അതിജീവന സാധ്യതയും നൽകുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത് മെച്ചപ്പെട്ട രീതിയിൽ കാൻസറിനെ ചികിത്സക്കാനും സഹായിക്കുമെന്നും ​ഗവേഷകർ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*