ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് ശർക്കര. കരിമ്പിൻ നീരില്‍ നിന്നും പനയുടെ നീരില്‍ നിന്നുമാണ് നമ്മുടെ രാജ്യത്ത് ശർക്കര ഉത്പാദിപ്പിക്കുന്നത്. വെല്ലം എന്നും ജാഗരി എന്നുമൊക്കെ വിളിപ്പേരുള്ള ശർക്കര പ്രധാനമായും പലഹാരങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്നു.
ചിലർ ചായയിലും കാപ്പിയിലും പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർത്ത് കുടിയ്ക്കാറുണ്ട്. പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായ ഒരു ബദല്‍ ആണ് പലർക്കും ശർക്കര. കാരണം പഞ്ചസാരയോളം സംസ്കരിക്കാത്തതാണ് ശർക്കര. കൂടാതെ ശർക്കരയില്‍ പ്രകൃതിദത്തമായ പോഷകങ്ങളുണ്ട്. എന്നാല്‍ അധികം ആർക്കും അറിയാത്ത ചില ഗുണങ്ങള്‍ കൂടിയുണ്ട് ശർക്കരയ്ക്ക്. തണുപ്പ് കാലത്ത് ശരീരത്തിന് ഏറ്റവും നല്ലതാണിത്.
തണുപ്പിനെ പ്രതിരോധിക്കാൻ ഭക്ഷണത്തില്‍ ശർക്കര ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ചൂട് നിലനിർത്താൻ അടക്കം ശർക്കര സഹായിക്കും. ശർക്കരയുടെ മറ്റ് ചില ഗുണങ്ങള്‍ അറിഞ്ഞാല്‍, ഒരിക്കലും ഈ മധുരക്കനിയോട് ആരും നോ പറയില്ല. ശർക്കരയുടെ ഗുണങ്ങള്‍ അറിയാം…
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ശർക്കര. കൂടാതെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന പലധാതുക്കളും ശർക്കരയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തണുപ്പ് കാലത്ത് ശർക്കര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നന്നായിരിക്കും. പതിവായി ശർക്കര കഴിക്കുന്നത് അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച് സീസണല്‍ ആയി ഉണ്ടാകുന്ന അണുബാധകള്‍ക്ക് ശർക്കര മികച്ച പ്രതിവിധി ആണ്.
ദഹനത്തിന് സഹായിക്കുന്നു
ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ സജീവമാക്കാൻ ശർക്കരയ്ക്ക് കഴിവുണ്ട്. തണുപ്പ് കാലത്തുണ്ടാകുന്ന ദഹനക്കേടില്‍ നിന്നും മലബന്ധം പോലുള്ള പ്രശ്നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ശർക്കരയ്ക്ക് സാധിക്കും. അതുകൊണ്ട് തന്നെ പരമ്പരാഗതമായി തണുപ്പ് കാലത്ത് ശർക്കര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി വരുന്നു.
ശരീരത്തെ ചൂട് നിലനിർത്തുന്നു
ശരീരത്തിന് ചൂടു നല്കുന്ന ഒന്നാണ് ശർക്കര. ശരീരത്തിലെ താപനില നിലനിർത്താൻ ശർക്കരയുടെ ഈ കഴിവ് സഹായിക്കുന്നു. തണുപ്പ് കാലത്ത് ശരീരത്തിന്റെ താപനില നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ തന്നെ ശർക്കര ഇക്കാര്യത്തില്‍ വലിയ സഹായമാകും. തണുപ്പ് കാലത്ത് ശർക്കര കഴിക്കുന്നതിലൂടെ തണുപ്പില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനാകും.
മികച്ചൊരു ഡീടോക്സ്
ശർക്കരയ്ക്ക് രക്തം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇതുവഴി കരളിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കും. ശരീരം ഡീടോക്സിന് വിധേയമാകുമ്പോള്‍ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടും.
ധാതുക്കളാൽ സമ്പന്നം
ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് ശർക്കര. ഈ ധാതുക്കൾ ബലഹീനത തടയാനും ഊർജം നിലനിർത്താനും സഹായിക്കും. ശൈത്യകാലത്ത് മൊത്തത്തിലുള്ള ആരോഗ്യം ആരോഗ്യത്തിന് ശർക്കര ഉത്തമമാണ്.



Be the first to comment