‘സര്‍ക്കാരിന്റെ അതേ നിലപാട് ആകും പാര്‍ട്ടിക്ക് എന്നില്ല; സമയം വരട്ടെ, ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സിപിഎം നിലപാട് പറയേണ്ടപ്പോള്‍ പറയും’ എംവി ഗോവിന്ദന്‍

പാലക്കാട്: ശബരിമല യുവതീപ്രവേശ വിഷയം പാര്‍ട്ടിയും സര്‍ക്കാരും ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട കാര്യമെന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സുപ്രീം കോടതിയുടെ ബെഞ്ച് പോലും രൂപീകരിച്ചിട്ടില്ല. അത് രൂപീകരിക്കട്ടെ, ആ വിഷയം അപ്പോള്‍ കൈകാര്യം ചെയ്യാമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ട സമയത്ത് പറയും. അതില്‍ ധൃതി പിടിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ കോടതിയുടെ മുന്നിലാണ് കേസ് ഉള്ളത്. കോടതി നിലപാടിനനുസരിച്ച് ആ സമയത്ത് ആവശ്യമായ നിലപാട് സിപിഎം സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

‘കോടതി ബെഞ്ച് തന്നെ രൂപീകരിച്ചിട്ടില്ല. എന്തിനാണ് ഇത്ര ധൃതി പിടിച്ച് സര്‍ക്കാരിനെ സംബന്ധിച്ചും പാര്‍ട്ടിയെ സംബന്ധിച്ചും നിലപാട് എന്താണ് എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്?. കോടതിയുടെ ഭാഗമായിട്ടാണ് സ്ത്രീ പ്രവേശനവിഷയം വേണമെന്നും വേണ്ടെന്നും തീരുമാനിച്ചത്. അത് അടിസ്ഥാനപ്പെടുത്തിയിട്ടുള്ള നിലപാടാണ് എല്ലാ കാലത്തും സര്‍ക്കാര്‍ സ്വീകരിക്കുക. പാര്‍ട്ടിയെടുക്കുന്ന നിലപാട് എന്താണെന്നത് വേറെ കാര്യം. പാര്‍ട്ടിയെടുക്കുന്ന നിലപാടും സര്‍ക്കാര്‍ എടുക്കുന്ന നിലപാടും ഒന്നായി കൊള്ളണം എന്നില്ല’- എംവി ഗോവിന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് കോടതി ഈ വിഷയം എടുത്തത് എല്‍ഡിഎഫിന് ഒരു പ്രതിസന്ധിയുമല്ല. മാധ്യമങ്ങള്‍ വെറുതെ പ്രതിസന്ധി ഉണ്ടാക്കാന്‍ നോക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*