കാറിൽ യാത്ര ചെയ്യുമ്പോൾ ചിലർക്ക് തലവേദനയെടുക്കുകയും ചർദിക്കാൻ തോന്നുകയും ചെയ്യാറുണ്ട്. മോഷൻ സിക്ക്‌നെസ് എന്നാണ് ഇതിനെ പറയുന്നത്. എന്നാൽ മറ്റ് ചിലർക്ക് ഒരു പ്രശ്‌നവും കാണില്ല. അവർ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സുഖമായി ഉറങ്ങുകയോ പുസ്തകം വായിക്കുകയോ ചെയ്യുന്നത് കാണാം. എന്തുകൊണ്ടാണ് ചിലർക്ക് മാത്രം മോഷൻ സിക്‌നെസ് അനുഭവപ്പെടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ? പറഞ്ഞുതരാം.
ശരീരത്തിലെ സെൻസറി സിസ്റ്റവുമായി ബന്ധപ്പെട്ടതാണ് മോഷൻ സിക്‌നെസ്. തലച്ചോറിലേക്ക് വിവരങ്ങൾ സംവേദനം ചെയ്യുന്ന സെൻസസുകൾ വ്യത്യസ്തമായ സിഗ്നലുകൾ ഒരേസമയം നൽകുമ്പോഴാണ് മോഷൻ സിക്‌നെസ് അനുഭവപ്പെടുന്നത്. കാഴ്ചയും ചെവിയിലെ ഉൾഭാഗങ്ങളും വ്യത്യസ്തമായ സിഗ്നലുകൾ നൽകുമ്പോൾ തലച്ചോറിന് കൺഫ്യൂഷനിൽ ആയിപ്പോകുന്നു എന്ന് ലളിതമായി പറയാം.
ശരീരത്തിന്റെ ബാലൻസും സ്‌പേഷ്യൽ ഓറിയന്റേഷനും നിയന്ത്രിക്കുന്ന വെസ്റ്റിബ്യുലാർ സിസ്റ്റത്തെ ആണ് ഇത് ബാധിക്കുന്നത്. അതുകൊണ്ടാണ് ക്ഷീണവും അമിതമായ വിയർക്കലും ചർദിക്കാനുള്ള തോന്നലും തലകറക്കവും തോന്നുന്നത്.
എക്‌സ്പിരിമെന്റൽ ബ്രെയ്ൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം, മോഷൻ സിക്‌നെസിനുള്ള സാധ്യത ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കാഴ്ചയിലൂടെ ഉണ്ടാകുന്ന അസുന്തിലാതാവസ്ഥ ചിലരെ കാര്യമായി ബാധിക്കില്ല. വെസ്റ്റിബ്യുലാർ സെൻസിറ്റിവിറ്റി, മൈഗ്രെയ്ൻ തുടങ്ങിയ ഘടകങ്ങൾ മോഷൻ സിക്‌നെസിന്റെ തീവ്രത നിർണയിക്കുന്നതിൽ പ്രധാനമാണ്. ഒരു വ്യക്തിയുടെ ശീലങ്ങളും രീതികളും ഇതിനെ സ്വാധീനിച്ചേക്കാം.
മോഷൻ സിക്‌നെസ് തോന്നാത്തവരുടെ കാഴ്ചയും വെസ്റ്റിബ്യുലാർ സിസ്റ്റവും തമ്മിൽ ശക്തമായ ബന്ധമുണ്ടായിരിക്കും. അവരുടെ തലച്ചോർ ശരീരം കടന്നുപോകുന്ന ചലനാവസ്ഥയെ കൃത്യമായി മുൻകൂട്ടി കാണും. എന്തെങ്കിലും ചെറിയ വ്യത്യാസങ്ങൾ സംഭവിച്ചാലും തലച്ചോർ വേഗം അതിനോട് പൊരുത്തപ്പെടും. ജനിതകഘടനയും സന്തുലിതാവസ്ഥയിലുള്ള ഹോർമോണുകളും ചെവിയ്ക്കുള്ളിലെ നാഡീവ്യൂഹത്തിന്റെ ആരോഗ്യകരമായി അവസ്ഥയുമെല്ലാം ഇവരെ മോഷൻ സിക്‌നെസ് വരാതെ കാത്തുസൂക്ഷിക്കുന്നു.



Be the first to comment