ഇറാന്‍ സംഘര്‍ഷം: എണ്ണ വില ബാരലിന് നൂറ് ഡോളറിനേക്കാള്‍ മുകളിലെത്തുമോ? സാഹചര്യങ്ങളെന്ത്?

യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന്റേയും ഇറാന്റെ പ്രത്യാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ ലോകത്താകെ ഇന്ധന വില കുതിച്ചുയരാന്‍ സാധ്യത. ഇറാനില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള എണ്ണ വിതരണം മന്ദഗതിയിലായെന്നും വരുദിവസങ്ങളില്‍ നിലയ്ക്കാനും സാധ്യതയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന രണ്ട് കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലാകെ വിതരണം ചെയ്യുന്ന എണ്ണയുടെ 20 ശതമാനം അഥവാ ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയും കയറ്റി അയയ്ക്കപ്പെടുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം അസാധ്യമാകുന്നതോടെ എണ്ണ വില കുതിച്ചുയരാനാണ് സാധ്യത.

ബ്രെന്റ് ക്രൂഡ് ബാരലിന് 13 ശതമാനം വര്‍ധിച്ച് 82.37 ഡോളറിലെത്തിയതിന് ശേഷം കുറഞ്ഞുവെങ്കിലും വിപണി ആശങ്കയില്‍ തന്നെയാണ്. ഇന്ന് വില നാലര ശതമാനം കൂടി 76 ഡോളറിന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുദ്ധം നീണ്ടാല്‍ വില ഇനിയും ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇറാന്‍-അമേരിക്ക അസ്വാരസ്യങ്ങള്‍ ശക്തിയാര്‍ജിച്ച് കൊണ്ടിരിക്കുന്ന സമയത്തും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും എണ്ണവിലയും സ്വര്‍ണവിലയും ഉയര്‍ന്നുവരികയായിരുന്നു. യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണവും ആയത്തുല്ല അലി ഖമനയിയുടെ വധവും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ നടത്തുന്ന ആക്രമണവും ഉള്‍പ്പെടെ എണ്ണ വില നിലവിട്ട് മുകളിലേക്ക് കുതിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ചില മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സൂചനയുണ്ടെങ്കില്‍പ്പോലും സംഘര്‍ഷം ആഴ്ചകള്‍ നീണ്ടുനില്‍ക്കുമെന്ന് ട്രംപ് കൂടി വ്യക്തമാക്കിയതോടെ കുതിപ്പിന് ഉടനടി അയവുണ്ടാകുമെന്ന് പ്രതീക്ഷിക്കാനും സാധിക്കില്ല.

ഇറാനില്‍ നിന്നുള്ള എണ്ണ ഉത്പ്പാദനമെത്ര?

ഇറാന്‍ പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരല്‍ എണ്ണ ഉത്പ്പാദിപ്പിക്കുന്നുവെന്നാണ് കണക്കുകള്‍. ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ഉത്പ്പാദകരായാണ് ഇറാനെ കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉല്‍പ്പാദകരില്‍ ഒന്ന് കൂടിയാണ് ഇറാന്‍. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഡാറ്റ പ്രകാരം മിഡില്‍ ഈസ്റ്റിലെ ആകെ എണ്ണ ശേഖരത്തിലെ നാലിലൊന്ന് ഭാഗവും ലോകത്തിലെ 12 ശതമാനവുമുള്ളത് ഇറാനിലാണ്. എന്നാല്‍ വര്‍ഷങ്ങളായി നിക്ഷേപം കുറവായതിനാലും അന്താരാഷ്ട്ര ഉപരോധങ്ങള്‍ മൂലവും ഇറാനിലെ എണ്ണ ഉത്പ്പാദനം പരിമിതമായി തുടരുകയാണ്. ചൈനയാണ് കൂടുതലായി ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത്.

ഹോര്‍മുസ് കടലിടുക്കിന്റെ സവിശേഷതയെന്ത്?

പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന ഒരു പ്രധാന റൂട്ടാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനും ഒമാനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ വലിയ അളവിലുള്ള അസംസ്‌കൃത എണ്ണ ഈ കടലിടുക്ക് വഴിയാണ് വിതരണം ചെയ്യുന്നത്. ഈ കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്‍ ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും അന്താരാഷ്ട്ര രംഗത്തുനിന്ന് പെട്ടെന്നുണ്ടാകാനിടയുള്ള പ്രതികരണം ഭയന്ന് ഇതുവരെ അതിന് ഇറാന്‍ മുതിര്‍ന്നിട്ടില്ല.

എണ്ണവില അന്താരാഷ്ട്ര സാമ്പത്തികരംഗത്ത് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തും?

എണ്ണവിലയിയില്‍ പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ധനയുണ്ടായാല്‍ പ്രധാന സമ്പദ്വ്യവസ്ഥകളിലെ ശരാശരി വിലക്കയറ്റം 0.1 ശതമാനമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്താറുള്ളത്. ഇറാന്‍ സംഘര്‍ഷം അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയേയും സ്വര്‍ണവിലയേയും എണ്ണവിലയേയും വലിയ രീതിയില്‍ ബാധിക്കുമെന്ന വിലയിരുത്തലില്‍ തന്നെയാണ് ലോകം.

Be the first to comment

Leave a Reply

Your email address will not be published.


*