
ന്യൂഡല്‍ഹി: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളിലെ വാര്‍ഷിക വര്‍ധനയ്ക്ക് പരിധി നിശ്ചയിക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വന്തം വിവേചനാധികാരത്തില്‍ എല്ലാ വര്‍ഷവും പ്രീമിയം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. വാര്‍ഷിക വര്‍ധനയ്ക്ക് ഐആര്‍ഡിഎഐ പരിധി വച്ചാല്‍ അത് പോളിസി ഉടമകള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ തുടക്കത്തില്‍ കുറഞ്ഞ പ്രീമിയമാണ് ഈടാക്കാറ്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ പ്രീമിയം തുക കുത്തനെ ഉയരുന്ന സ്ഥിതി ഉണ്ടാവാറുണ്ട്. ഇത് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉപഭോക്താവിന് പോളിസി വളരെ ചെലവേറിയതാക്കുന്നു എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഐആര്‍ഡിഎഐയുടെ നീക്കം.
ഈ വര്‍ഷം ആദ്യം, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി പ്രീമിയങ്ങളുടെ വര്‍ധനയ്ക്ക് ഐആര്‍ഡിഎഐ 10 ശതമാനം പരിധി നിശ്ചയിച്ചിരുന്നു. പ്രായമായവരെ പ്രീമിയങ്ങളിലെ ഏകപക്ഷീയമായ വര്‍ധനയില്‍ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാല്‍ 60 വയസ്സിന് താഴെയുള്ളവരുടെ പ്രീമിയം വര്‍ദ്ധിപ്പിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ നഷ്ടം നികത്തി വരുന്നതാണ് കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രായം കണക്കാക്കാതെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളിലെ വാര്‍ഷിക വര്‍ധനയ്ക്ക് പരിധി നിശ്ചയിക്കാന്‍ ഐആര്‍ഡിഎഐ നീക്കം ആരംഭിച്ചത്. ഐആര്‍ഡിഎഐ ഉടന്‍ തന്നെ ഇത് സംബന്ധിച്ച് ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അവതരിപ്പിച്ചേക്കാം. ഇതില്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം വര്‍ധനയ്ക്ക്് ഒരു പരിധി നിശ്ചയിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
Be the first to comment