‘കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കും; കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് പറയാനില്ല’; ശശി തരൂര്‍

ഹൈക്കമാന്‍ഡുമായുള്ള അനുനയചര്‍ച്ചകള്‍ക്കൊടുവില്‍ ഡോക്ടര്‍ ശശി തരൂര്‍ എം പി കെപിസിസി വേദിയില്‍. കെപിസിസി ആസ്ഥാനത്തെ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിലാണ് ശശി തരൂര്‍ പങ്കെടുത്തത്. കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്നും, കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് പറയാനില്ലെന്നും ഡോക്ടര്‍ ശശി തരൂര്‍ പ്രതികരിച്ചു.

കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞു. സ്‌നേഹത്തോടെയും എല്ലാ മര്യാദയോടെയും മുന്നോട്ട് പോകുന്നുണ്ട്. പാര്‍ട്ടിയുടെ നിലപാടുള്ളപ്പോള്‍ ഞാന്‍ വേറെ അഭിപ്രായം പറയാറില്ല. ചില കാര്യങ്ങളില്‍, വിഷയങ്ങളില്‍ ആളുകള്‍ എന്റെ വ്യക്തിപരമായ അഭിപ്രായം ആവശ്യപ്പെടുമ്പോള്‍ വ്യക്തിപരമായ അഭിപ്രായം പറയുമെന്ന് മാത്രം – തരൂര്‍ പറഞ്ഞു.

വികസനകാര്യങ്ങളില്‍, ചില നല്ല കാര്യങ്ങള്‍ കാണുമ്പോള്‍ ഞാന്‍ അതിനെ ചൂണ്ടിക്കാണിക്കാന്‍ താന്‍ തയാറാണെന്ന് ശശി തരൂര്‍ പറഞ്ഞു. ആ അടിസ്ഥാനത്തിലാണ് പല കാര്യങ്ങളും പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ കുറിച്ച് ഞാന്‍ ഒരു വിഷയത്തിലും എതിര് പറഞ്ഞിട്ടില്ല. അദ്ദേഹം ഞങ്ങളുടെ നേതാവാണെന്ന് മാത്രമല്ല, ഈ രാജ്യത്തെ പല കാര്യങ്ങള്‍ക്കും വേണ്ടി ആത്മാര്‍ഥമായി നില്‍ക്കുന്നുണ്ട്. വര്‍ഗീയത, ഭിന്നിപ്പിന്റെ രാഷ്ട്രീയം എന്നിവയ്‌ക്കെതിരെയെല്ലാം എതിരെ സംസാരിക്കുന്ന നേതാവായി രാഹുല്‍ ഗാന്ധിയെ എല്ലാവരും കാണുന്നു, ഇഷ്ടപ്പെടുന്നു. ചില വിഷയങ്ങളില്‍ ഞാന്‍ എടുത്ത സ്റ്റാന്റ് ബിജെപിക്ക് അനുകൂലമായി നിങ്ങള്‍ കണ്ടു. ഞാന്‍ അത് ഇന്ത്യയ്ക്ക് അനുകൂലമായിട്ടാണ് കണ്ടത്. ചില വിഷയങ്ങളില്‍, പ്രത്യേകിച്ച് അന്താരാഷ്ട്രീയ കാര്യങ്ങളില്‍ എനിക്ക് രാഷ്ട്രീയം പറയാനല്ല ആഗ്രഹം, രാഷ്ട്രത്തിന് വേണ്ടി സംസാരിക്കാനാണ് ആഗ്രഹം. അത് ഒരു പുതിയ കാര്യമല്ല. രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതി. പാര്‍ട്ടിയുടെ നിലപാടിനെ എതിര്‍ക്കാന്‍ ഏത് പാര്‍ട്ടി അംഗത്തിനും അവകാശമില്ലെന്ന് സമ്മതിച്ചു. പാര്‍ലമെന്റിനകത്ത് പാര്‍ട്ടിയെടുത്ത സ്റ്റാന്‍ഡിന് ഒപ്പം തന്നെ ഞാന്‍ നിന്നിട്ടുണ്ട്. അതിനെ കുറിച്ച് ഒരു ചിന്തയും വേണ്ട – ശശി തരൂര്‍ വ്യക്തമാക്കി.

താന്‍ എവിടേക്കും പോകുന്നില്ലെന്നും കോണ്‍ഗ്രസ് തന്നെയാണെന്നും പറഞ്ഞ അദ്ദേഹം ഈ തിരഞ്ഞെടുപ്പില്‍ സജീവമായിക്കാണുമെന്നും കോണ്‍ഗ്രസിന്റെ വിജയത്തിന് വേണ്ടി ഇറങ്ങുമെന്നും വ്യക്തമാക്കി. എന്നാല്‍, എന്തുകൊണ്ടാണ് തന്നോട് മാത്രം ഇത് പറയാന്‍ ആവശ്യപ്പെടുന്നതെന്ന മറു ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

രാഹുല്‍ ഗാന്ധിയുമായി നടത്തിയ രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ചയില്‍ കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിക്കിടെ ഉണ്ടായ അതൃപ്തി ഉള്‍പ്പെടെ ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. തനിക്ക് മുഖ്യമന്ത്രി മോഹം ഉണ്ടായിരുന്നില്ല എന്ന് തരൂര്‍ നേതൃത്വത്തോട് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കണമെന്നും ഹൈക്കമാന്‍ഡ് ശശി തരൂരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*