‘ പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ, വാതിൽക്കൽ നിന്ന് മാറാത്തത് പ്രകോപനം ഉണ്ടാക്കി’; FIR ൽ ഗുരുതര പരാമർശം

തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്ന് പത്തൊൻപത്കാരിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആർ. വഴി മാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായി. 

പരുക്കേറ്റ ശ്രീകുട്ടി സുഹൃത്തുമൊത്ത് കേരള എക്സപ്രസ്സിലെ SLR കോച്ചിൽ വാതിൽ ഭാഗത്ത് നിന്ന് യാത്രചെയ്യുകയായിരുന്നു. രാത്രി 8 മണിയോടുകൂടി ഡി കോച്ചിൽ യാത്ര ചെയ്തു വന്ന പ്രതി വാതിൽ ഭാഗത്ത് എത്തിയ സമയം പെൺകുട്ടി മാറികൊടുത്തില്ല. ഇതായിരുന്നു പ്രതിയ്ക്ക് പെൺകുട്ടിയുമായുള്ള വിരോധത്തിന് കാരണമായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ പ്രതിയായ സുരേഷ് കുമാർ ശ്രമിച്ചിരുന്നു. അങ്ങിനെയാണ് ശ്രീകുട്ടിയുടെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടതെന്ന് എഫ്‌ഐആറിൽ സ്ഥിരീകരിക്കുന്നു.

ശ്രീകുട്ടിയെ തള്ളിയിടുന്നത് കണ്ട സുഹൃത്ത് അർച്ചന നിലവിളിക്കുകയും ഇവരെയും പ്രതി വലത്തേ കൈയ്യിലും വലതു കാലിലുമായി പിടിച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. വധശ്രമം ഉൾപ്പടെ ബി എൻ എസ് 102 വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇയാൾ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുരേഷ് കുമാർ സ്ഥിരം മദ്യപനും പ്രശ്നക്കാരനുമെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയ പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വീഴ്ചയിൽ തലയ്ക്കാണ് ശ്രീകുട്ടിയ്ക്ക് പരുക്കേറ്റത്. അമിതമായി മദ്യപിച്ച് ട്രെയിനിൽ കയറിയ സുരേഷ് കുമാര്‍ ശുചിമുറിയുടെ ഭാഗത്താണ് നിന്നിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*