‘പെണ്‍കുഞ്ഞിനെ പ്രസവിച്ച് 28 ദിവസമായപ്പോള്‍ വലിച്ചു താഴെയിട്ടു, ഭര്‍ത്താവ് അന്ധവിശ്വാസി’; നേരിട്ടത് ക്രൂര പീഡനമെന്ന് യുവതി

അങ്കമാലിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ഭര്‍ത്താവ് പീഡിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ച് യുവതി. പ്രസവിച്ച് 28 ദിവസമായപ്പോള്‍ വലിച്ച് താഴെയിട്ടു. നിരന്തരം മര്‍ദ്ദിച്ചെന്നും കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

”ആണ്‍കുട്ടിയായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് പെണ്‍കുട്ടിയാണല്ലോയെന്നും പറഞ്ഞായിരുന്നു മര്‍ദിച്ചത്. പെണ്‍കുട്ടിയായതുകൊണ്ട് ചെലവ് കൂടുമെന്നും നിന്റെ അച്ഛനോട് പണം ചോദിക്കെന്നും പറഞ്ഞായിരുന്നു മര്‍ദിച്ചത്. വടികൊണ്ട് അടിച്ചു. തലയില്‍ സ്റ്റിച്ചുണ്ടായിരുന്നു. തലയില്‍ നിന്നും ചോരയൊലിച്ചു വന്നു. അങ്ങനെ ആശുപത്രിയിലായി. തല കട്ടിലില്‍ മുട്ടിയതാണെന്ന് ആശുപത്രിയില്‍ ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു. 15 പവന്‍ സ്ത്രീധനം പോരാ. നിന്നെപ്പോലെയുള്ള പെണ്ണിന് 20 എങ്കിലും വേണമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് അയാള്‍ വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു”, ഭര്‍ത്താവ് അന്ധവിശ്വാസിയാണെന്നും യുവതി പറഞ്ഞു.

2020 ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരുവര്‍ഷത്തോളം പ്രശ്നങ്ങളില്ലാതെ പോയെങ്കിലും പെണ്‍കുഞ്ഞ് പിറന്നതിന് ശേഷം നാല് വര്‍ഷത്തോളം കടുത്ത പീഡനങ്ങള്‍ക്കാണ് യുവതി ഇരയായത്. ചികിത്സയ്ക്കായി എത്തിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയങ്ങളാണ് വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. പിന്നാലെ യുവതി പോലീസിന് പരാതി നല്‍കുകയായിരുന്നു.

2021 ജൂണ്‍ മുതല്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ആരോപിക്കുന്നത്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*