കോട്ടയം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അർപ്പൂക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അർപ്പൂക്കര ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി. വനിതകളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ വനിതാ ഫിറ്റ്നസ് സെന്റർ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക, ഫിറ്റ്നസ് ട്രയിനറെ നിയമിക്കുക, ടോയ്‌ലെറ്റും, ചെയ്‌ഞ്ചിങ് റൂമും നിർമ്മിക്കുക. പഞ്ചായത്തടിസ്ഥാനത്തിൽ മഹിളാ സംഘടനകളിൽ നിന്നുള്ള പ്രതിനിധികളെയും വനിതാ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പ്രവർത്തന കമ്മിറ്റി രൂപീകരിക്കുക. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്‌ക്കുമെ തിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
ധർണ്ണ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസെക്രട്ടറി അഡ്വ. ഷീജ അനിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആശ പ്രഭാത് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പുഷ്പ കിഷോർ ട്രഷറർ ലേഖ ജയമോൻ, ഏരിയ കമ്മിറ്റി അംഗം മഞ്ജുഷജിമോൻ, സിപിഐ (എം )ഏരിയ കമ്മിറ്റി അംഗം പി കെ ഷാജി. ലോക്കൽ സെക്രട്ടറി ടി എം ഷിബുകുമാർ,ലോക്കൽ കമ്മിറ്റി അംഗം ജെയ്‌മോൻ രാജൻ എന്നിവർ സംസാരിച്ചു.
അർപ്പൂക്കര പഞ്ചായത്തിന്റെ കഴിഞ്ഞ വർഷത്തെ വികസന ഫണ്ടിൽ നിന്നും1,97,190 രൂപ വിനിയോഗിച്ചാണ് ഫിറ്റ്നസ് സെന്ററിലേക്കുള്ള ഉപകരണങ്ങൾ വാങ്ങിയത്. കെട്ടിടം നിർമ്മിക്കാതെയാണ് പദ്ധതി നടപ്പാക്കിയത്. കുറേക്കാലം സ്ഥലമില്ലാത്തതിനാൽ ഉപകാരണങ്ങളെല്ലാം പൊടിപിടിച്ചു കിടക്കുകയായിരുന്നു ഓഡിറ്റ് തടസ്സം വന്നതിനെ തുടർന്നാണ് തൊപ്പിൽപറമ്പിലെ ഹോമിയോ ഡിസ്‌പെൻസറിയുടെ ഹാളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഫിറ്റ്നസ് സെന്റർ ആരംഭിച്ചത്. ഇന്റർവ്യൂ നടത്തി ഫിറ്റ്നസ് ട്രയിനറെ നിയമിക്കുമെന്ന്പഞ്ചായത്ത് ഭരണസമിതി പറഞ്ഞെങ്കിലും ശമ്പളം കൊടുക്കാൻ ഫണ്ട് ഇല്ലാത്തതിനാൽ നടപ്പിലായിട്ടില്ല.ഇവിടെ എത്തുന്ന സ്ത്രീകളിൽ നിന്നും 450 രൂപയാണ് ഫീസിനത്തിൽ ഇപ്പോൾ വാങ്ങുന്നത്. തുടങ്ങിയപ്പോൾ 32 പേരുണ്ടായിരുന്നു.കാര്യക്ഷമതയോടെ പ്രവർത്തിക്കാത്തതിനാൽ 11പേർ മാത്രമാണ് അവശേഷിക്കുന്നത്.



Be the first to comment