വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. സെഞ്ച്വറി പ്രകടനവുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്‌സ് ആണ് വിജയശില്‍പി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സെടുത്ത് പുറത്തായി.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ ഷഫാലിയെ നഷ്ടമായി. പത്തോവറിനുള്ളില്‍ സ്മൃതി മന്ഥാനയും പുറത്തായി. ജെമീമ- ഹര്‍മന്‍പ്രീത് സഖ്യമാണ് പിന്നീട് കരുത്തായത്. ക്യാപ്റ്റനൊപ്പം തകര്‍ത്തടിച്ചതോടെ മൂന്നാം വിക്കറ്റില്‍ 147 റണ്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മത്സരത്തിന്റെ 36-ാം ഓവറില്‍ ഹര്‍മന്‍പ്രീതിനെ മടക്കി അനബെല്‍ സതര്‍ലന്‍ഡ് ഓസ്‌ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കി. സ്മൃതി മന്ദാന (24), ദീപ്തി ശര്‍മ (24), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (23), ഷെഫാലി വര്‍മ (10) എന്നിവരും ജയത്തില്‍ നിര്‍ണായക ഭാഗഭാക്കായി. അമന്‍ജോത് കൌര്‍(15) ആയിരുന്നു വിജയ റണ്‍ കുറിക്കുമ്പോള്‍ ജെമീമയ്ക്കൊപ്പം ക്രീസില്‍.
വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ തുടര്‍ച്ചയായ 15 ജയങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിയുന്നത്. ഞായറാഴ്ച നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്.



Be the first to comment