
ഫൗൺഹോപ്പ്: വോർസെസ്റ്റർഷയർ കൗണ്ടി ലീഗ് മത്സരത്തിൽ ഫൗൺഹോപ്പ് സ്ട്രോളേഴ്സ് ക്ലബ്ബിനെതിരെ ചലഞ്ചേഴ്സ് ഹെറിഫോർഡ് ക്ലബിന് 197 റൺസിന്റെ മിന്നും ജയം. ടോസ് നേടിയ ഫൗൺഹോപ്പ് സ്ട്രോളേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിലേ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും കരുതലോടെ ബാറ്റു വീശിയ ക്യാപ്റ്റൻ മോൻസിയും അനുകൃഷ്ണയും ചലഞ്ചേഴ്സിന് മികച്ച തുടക്കം നൽകി. അർദ്ധസെഞ്ചുറി നേടിയുടൻ മടങ്ങിയ ക്യാപ്റ്റന് ശേഷം ഇറങ്ങിയ രഞ്ജിത് നായർ 45 പന്തുകളിൽ നിന്നും 63 റൺസെടുത്തു പുറത്തായി. 62 പന്തിൽ 93 റൺസെടുത്ത ക്ലിന്റന്റെ മാസ്മരിക ബാറ്റിങ്ങാണ് 309 എന്ന മികച്ച സ്കോർ ചലഞ്ചേഴ്സിന് സമ്മാനിച്ചത്. ജസ്റ്റിൻ (21) അനീഷ് (4) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫൗൺഹോപ്പ് സ്ട്രോളേഴ്സ് ബാറ്റസ്മാൻമാർ കരുതലോടെ കളിക്കാൻ ശ്രമിച്ചെങ്കിലും ചലഞ്ചേഴ്സിന്റെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ പതറുകയായിരുന്നു. 40 ഓവറുകളും പൂർത്തിയായപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുക്കാനെ ഫൗൺഹോപ്പ് സ്ട്രോളേഴ്സിന് സാധിച്ചുള്ളൂ. രഞ്ജി രവി 4 വിക്കറ്റുകൾ നേടി. 23 റൺസെടുത്ത ഡി കുമാറാണ് ടോപ് സ്കോറർ.
ചലഞ്ചേഴ്സ് ഹെറിഫോർഡ് : 6/309
ഫൗൺഹോപ്പ് സ്ട്രോളേഴ്സ് : 9/112
Be the first to comment