
ഹെറിഫോർഡ്: വോർസെസ്റ്റർഷയർ കൗണ്ടി ലീഗ് മത്സരത്തിൽ ഹെറിഫോർഡ് ചലഞ്ചേഴ്സിന് തുടർച്ചയായ നാലാം ജയം. വൂൾഹോപ്പ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ നടന്ന മത്സരത്തിൽ 254 റൺസിന്റെ കൂറ്റൻ ജയമാണ് കരസ്ഥമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹെറിഫോർഡ് ചലഞ്ചേഴ്സ്സിനായി ഓപ്പണർമാരായ ചാൾസും ജെയിംസും മികച്ച തുടക്കമാണ് നൽകിയത്. ജെയിംസ്(21) പുറത്തായതിന് പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ പ്രശാന്തും തകർത്തടിച്ചതോടെ അക്ഷരാർത്ഥത്തിൽ ബൗണ്ടറികളുടെ പൂരപ്പറമ്പായിരുന്നു വൂൾഹോപ്പ് മൈതാനം. ചാൾസ് 118 റൺസും പ്രശാന്ത് 123 റൺസുമെടുത്തു പുറത്തായി. പിന്നീടിറങ്ങിയ മോൻസി(49) അനുകൃഷ്ണ (29) എന്നിവരുടെ അവസരോചിതമായ ഇന്നിംഗ്സ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വൂൾഹോപ്പ് ബാറ്റസ്മാൻമാർ അനീഷിന്റെയും ജോജിയുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. വൂൾഹോപ്പ് വെറും 117 റൺസിന് എല്ലാവരും പുറത്തായി. അനീഷ് മൂന്ന് വിക്കറ്റും ജോജി, പ്രശാന്ത് എന്നിവർ രണ്ടു വിക്കറ്റുകളും അനുകൃഷ്ണ, രഞ്ജിത്ത് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. നിലവിൽ ലീഗിൽ ഒന്നാം സ്ഥാനക്കാരാണ് ഹെറിഫോർഡ് ചലഞ്ചേഴ്സ്.

Be the first to comment