വോർസെസ്റ്റർഷയർ കൗണ്ടി ലീഗ്: ഹെറിഫോർഡ് ചലഞ്ചേഴ്‌സിന് രണ്ടാം ജയം; ഡെൻസിലിനും രഞ്ജിത്തിനും അർദ്ധസെഞ്ച്വറി

ഹെറിഫോർഡ്: വോർസെസ്റ്റർഷയർ കൗണ്ടി ലീഗ് മത്സരത്തിൽ ഹെറിഫോർഡ് ചലഞ്ചേഴ്‌സിന് തുടർച്ചയായ രണ്ടാം ജയം. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റോസ്ഓൺ വൈ ക്ലബ്ബിനെതിരെ 170 റൺസിന്റെ തകർപ്പൻ ജയമാണ് ഹെറിഫോർഡ് ചലഞ്ചേഴ്‌സ് നേടിയത്.

ചലഞ്ചേഴ്‌സിനായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മോൻസിയും ബാബുവും കരുതലോടെ തുടങ്ങിയെങ്കിലും ബാറ്റിങ്ങിൽ താളം കണ്ടെത്താനായില്ല. ക്യാപ്റ്റൻ മോൻസി 29 റൺസിനും ബാബു 9 റൺസിനും പുറത്തായി. ഒരവസരത്തിൽ 21 ഓവറിൽ 45 റൺസിന്‌ മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ചലഞ്ചേഴ്‌സ്. നാലാമനായി ഇറങ്ങിയ ഡെൻസിലിൻറെ പക്വതയാർന്ന ഇന്നിങ്‌സാണ് തകർച്ചയിൽ നിന്നും ചലഞ്ചേഴ്‌സിനെ  കരകയറ്റിയത്. കഴിഞ്ഞ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച അനുകൃഷ്ണ (23)  ഡെൻസിലിന് മികച്ച പിന്തുണ നൽകി. കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ രഞ്ജിത് ഇത്തവണയും ആരാധകരെ നിരാശരാക്കിയില്ല. 6 സിക്സറുകളും 3 ഫോറുകളും ഉൾപ്പടെ 47 പന്തിൽ 66 റൺസോടെ രഞ്ജിത് പുറത്താകാതെ നിന്നു.   

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോസ്ഓൺ വൈ ബാറ്റസ്മാൻമാർ ചലഞ്ചേഴ്‌സിന്റെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ അക്ഷരാർത്ഥത്തിൽ കീഴടങ്ങുകയായിരുന്നു. 28 ഓവറിൽ 45 റൺസിന്‌ മുഴുവൻ വിക്കറ്റുകളും റോസ്ഓൺ വൈക്ക് നഷ്ടമായി.  അനീഷും സോയ്‌യും രണ്ടു വിക്കറ്റുകൾ വീതവും ഷബീർ, ഡെൻസിൽ, ജസ്റ്റിൻ, അനുകൃഷ്ണ, ബാബു എന്നിവർ ഒരു വിക്കറ്റ് വീതവും നേടി.

രഞ്ജിത്തും ഡെൻസിലും മത്സരശേഷം

Be the first to comment

Leave a Reply

Your email address will not be published.


*