
ഹെർഫോർഡ്, യുകെ: വോസ്റ്റർഷയർ കൗണ്ടി ലീഗ് ഡിവിഷൻ 9 ആദ്യ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഹെർഫോർഡ് ചലഞ്ചേഴ്സ്. ഫൈനൽ മത്സരത്തിൽ ശക്തരായ വോസ്റ്റർ അമിഗോസ് ക്രിക്കറ്റ് ക്ലബ്ബിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചലഞ്ചേഴ് ഈ കിരീട നേട്ടം കരസ്ഥമാക്കിയത്. ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ചലഞ്ചേഴ്സ് ഡെൻസിൽ ദാസിന്റെ ( 6വിക്കറ്റ് ) മാസ്മരിക ബൗളിങ്ങിന് മുൻപിൽ അമിഗോസ് ബാറ്റിംഗ് നിര തകരുകയായിരുന്നു. ക്ലിന്റൺ ജോസ് 3 വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചലഞ്ചേഴ്സ് 10.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ആദ്യ സീസണിൽ തന്നെ കിരീടം നേടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഹെർഫോർഡ് ചലഞ്ചേഴ്സ് ക്യാപ്റ്റൻ മോൻസിയുടെ നേതൃത്വത്തിൽ ലീഗ് ഘട്ടത്തിൽ തന്നെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. മോൻസി, ചാൾസ്, രഞ്ജിത്, ക്ലിന്റൺ, പ്രശാന്ത്, ഷാഹിദ്, ജസ്റ്റിൻ എന്നിവരുടെ സ്ഥിരതായർന്ന ബാറ്റിംഗ് പ്രകടനവും അനീഷിന്റെ കൃത്യതയാർന്ന ബൗളിങ്ങും ഡെൻസിൽ, ജോജി എന്നിവരുടെ ഓൾറൗണ്ട് പ്രകടനവുമാണ് ചലഞ്ചേഴ്സിന് ആദ്യ സീസണിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
അടുത്ത സീസണിൽ മറ്റൊരു ടീമിനെ വാർത്തെടുക്കുമെന്നും മികച്ച സൗകര്യങ്ങളും പരിശീലന അവസരങ്ങളും ഉറപ്പാക്കുമെന്നും ക്ലബ്ബ് ചെയർമാൻ ബാബു തോമസ് യെൻസ് ടൈംസ് ന്യൂസിനോട് പറഞ്ഞു.
Be the first to comment