ലോക ചെസ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അർജുൻ എരിഗൈസിയെ പ്രധാനമന്ത്രി പ്രശംസിച്ചു

ഹൈദരാബാദ്: ലോക ചെസ്സ് റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതിന് തൊട്ടുപിന്നാലെ ഇന്ത്യൻ താരം അർജുൻ എറിഗൈസി ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിലും വെങ്കലം സ്വന്തമാക്കി. 22 കാരനായ എറിഗൈസിക്ക് ലഭിച്ച ഇരട്ട വെങ്കല മെഡലുകൾ ഒരു ശ്രദ്ധേയമായ നേട്ടമാണ്. ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിന് (2017) ശേഷം ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി എറിഗൈസി മാറി.

സെമിഫൈനലിൽ ഉസ്ബെക്കിസ്ഥാന്‍റെ അബ്ദുസത്തോറോവിനോട് 2.5–0.5 ന് ആണ് അർജുൻ എറിഗൈസി പരാജയപ്പെട്ടത്. ആദ്യ രണ്ട് ഗെയിമുകളും ഉസ്ബെക്ക് താരം വിജയിച്ചു. മൂന്നാം ഗെയിമിൽ വെളുത്ത കരുക്കളുമായി കളിച്ച എറിഗൈസിക്ക് ഒരു സമനില മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.

അർജുൻ എരിഗൈസിയെ പ്രധാനമന്ത്രി പ്രശംസിച്ചു

ഇന്ത്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ അർജുൻ എറിഗൈസിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. ‘ചെസ്സിൽ ഇന്ത്യയുടെ പുരോഗതി തുടരുന്നു! അടുത്തിടെ ഫിഡെ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതിന് ശേഷം, ദോഹയിൽ നടന്ന ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അർജുൻ എറിഗൈസിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്‍റെ വൈദഗ്ദ്ധ്യം, ക്ഷമ, അഭിനിവേശം എന്നിവ മാതൃകാപരമാണ്. അര്‍ജുന്‍റെ വിജയങ്ങൾ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കുന്നത് തുടരും. അദ്ദേഹത്തിന് എന്‍റെ ആശംസകൾ- പ്രധാനമന്ത്രി പറഞ്ഞു.

ഈ വർഷം അവസാനം നടന്ന റാപ്പിഡ്, ബ്ലിറ്റ്സ് ടൂർണമെന്‍റുകളിൽ ഇന്ത്യ ആകെ മൂന്ന് വെങ്കല മെഡലുകളാണ് നേടിയത്. വനിതാ റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി മൂന്നാം സ്ഥാനം നേടി വെങ്കല മെഡൽ നേടിയിരുന്നു.

അതേസമയം രണ്ട് ദിവസം മുമ്പ് റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയതിന് പിന്നാലെ ലോക ഒന്നാം നമ്പർ താരം കാൾസൺ ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടി. ഡിസംബർ 30 ന് ദോഹയിൽ നടന്ന വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഉസ്ബെക്കിസ്ഥാന്‍റെ ഗ്രാൻഡ് മാസ്റ്റർ നോഡിർബെക് അബ്ദുസത്തോറോവിനെയാണ് താരം പരാജയപ്പെടുത്തിയത്. ജയത്തോടെ നോർവീജിയൻ താരമായ കാൾസണു 70,000 യൂറോയാണ് (ഏകദേശം 73 ലക്ഷം രൂപ) സമ്മാനത്തുക ലഭിക്കുക. സെമിഫൈനലിൽ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയാനോ കരുവാനയെ 3-1 ന് പരാജയപ്പെടുത്തി കാൾസൺ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*