ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന വളര്‍ച്ചാനിരക്ക് 2025ല്‍ 6.3 ശതമാനമായി കുറച്ചു, എങ്കിലും രാജ്യം അതിവേഗത്തില്‍ വളരുന്ന വന്‍ സാമ്പത്തിക ശക്തിയെന്ന് ഐക്യരാഷ്‌ട്രസഭ

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ഇക്കൊല്ലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.3ശതമാനത്തിലേക്ക് കുറച്ചു. എന്നാല്‍ രാജ്യം അതിവേഗം വളരുന്ന സമ്പദ്ഘടനയായി തന്നെ തുടരുമെന്ന് ഐക്യരാഷ്‌ട്രസഭ ചൂണ്ടിക്കാട്ടുന്നു. ഉപഭോഗവും സര്‍ക്കാര്‍ ചെലവിടലുമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്‌ട്രസഭ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

അതിവേഗം വളരുന്ന സമ്പദ്ഘടനകളില്‍ ഒന്നായി ഇന്ത്യ തുടരുമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ സാമ്പത്തിക-സാമൂഹ്യകാര്യ വകുപ്പിലെ സാമ്പത്തിക നിരീക്ഷണ നയ വിഭാഗം ആഗോള സാമ്പത്തിക നിയന്ത്രണ ശാഖയിലെ മുതിര്‍ന്ന സാമ്പത്തിക കാര്യ ഉദ്യോഗസ്ഥന്‍ ഇന്‍ഗോ പിറ്റര്‍ലെ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന വാണിജ്യ സംഘര്‍ഷങ്ങള്‍, നയ അസ്ഥിരത തുടങ്ങിയവ മൂലം ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ്. അടുത്തിടെ അമേരിക്കന്‍ നികുതി നിരക്കിലുണ്ടായ വന്‍ വര്‍ദ്ധന ഉത്പാദന ചെലവില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാക്കിയിട്ടുണ്ട്. ഇത് ആഗോള വിതരണ ശൃംഖലയെയും ബാധിച്ചിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയും ഇത് മൂലം രൂക്ഷമായിരിക്കുന്നു.

വളര്‍ച്ചാനിരക്ക് ലക്ഷം പരിമിതപെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്ഘടനകളിലൊന്നായി തുടരു. ഇക്കൊല്ലം ഇന്ത്യ ലക്ഷ്യമിടുന്നത് 6.3ശതമാനം വളര്‍ച്ചാനിരക്കാണ്. കഴിഞ്ഞ കൊല്ലമിത് 7.1 ആയിരുന്നു. ഉപഭോഗത്തിനും പൊതുച്ചെലവിനും പുറമെ സേവന കയറ്റുമതിയും സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുന്നു. അമേരിക്ക നിലവില്‍ മരുന്ന്, ഇലക്‌ട്രോണിക്‌സ്, സെമികണ്ടക്‌ടറുകള്‍, ഊര്‍ജ്ജം, കോപ്പര്‍ എന്നിവയ്ക്ക് ഒഴികെ ഏര്‍പ്പെടുത്തിയിട്ടുള്ള കയറ്റുമതി തീരുവ ഹ്രസ്വകാലത്തേക്ക് ആണെങ്കില്‍ പോലും രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കാര്യമായ ആഘാതം ഉണ്ടാക്കില്ല.

ഇക്കൊല്ലം ജനുവരിയില്‍ ഐക്യരാഷ്‌ട്ര സഭ പുറത്ത് വിട്ട സാമ്പത്തിക വളര്‍ച്ചാ പ്രവചന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 6.6 എന്നാണ് വിലയിരുത്തിയിരുന്നത്. അതാണ് ഇപ്പോള്‍ നേരിയ കുറവോടെ 6.3ശതമാനമാക്കിയിരിക്കുന്നത്. 2026ലെ മൊത്ത ആഭ്യന്തര ഉത്പാദനം 6.4ശതമാനമെന്നാണ് പ്രവചം.

സാമ്പത്തിക രംഗത്ത് നാം നേട്ടങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് വലിയ തോതില്‍ സുസ്ഥിരമായി തന്നെ തുടരുന്നു. തൊഴില്‍ രംഗത്ത് നിലനില്‍ക്കുന്ന ലിംഗ അസമത്വങ്ങള്‍ ഈ രംഗത്ത് കൂടുതല്‍ ഉള്‍ക്കൊള്ളലുകള്‍ നടത്തേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് 2024ലെ 4.9ല്‍ നിന്ന് 2025ല്‍ 4.3ശതമാനമായി കുറഞ്ഞിരിക്കുന്നു. റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യം ഇതായിരുന്നു.

ദക്ഷിണേഷ്യന്‍ മേഖലയിലെ മിക്ക കേന്ദ്ര ബാങ്കുകളുടെയും ധനനയത്തിലെ നടപടി മൂല്യമാണ് പണപ്പെരുപ്പ നിരക്കില്‍ കുറവ് വരുത്താനായിട്ടുള്ളത്. രാജ്യത്തെ റിസര്‍വ് ബാങ്ക് 2023 മുതല്‍ തുടര്‍ന്ന് പോന്നിരുന്ന 6.5 ശതമാനമെന്ന പലിശ നിരക്കില്‍ 2025ല്‍ മാറ്റം വരുത്തി. ഇതിനിടെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങള്‍ രാജ്യാന്തര നാണ്യനിധിയുടെ പിന്തുണയുള്ള പദ്ധതികളിലൂടെ പല സാമ്പത്തിക പരിഷ്‌ക്കാരങ്ങളും നടപ്പാക്കി വരുന്നുണ്ട്. ആഗോള മൊത്ത ആഭ്യന്തര വളര്‍ച്ചാനിരക്ക് 225ല്‍ 2.4ശതമാനമാണ്. 2024ലെ 2.9 ശതമാനത്തില്‍ നിന്ന് നേരിയ ഇടിവുണ്ടായിട്ടുണ്ട്.

ആഗോള സമ്പദ് ഘടന അസ്വസ്ഥമാണ്. ഇക്കൊല്ലം ജനുവരിയില്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും സുസ്ഥിരതയാര്‍ജിച്ചതായി വിലയിരുത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. വിവിധയിടങ്ങളില്‍ അസ്ഥിരതകള്‍ സംഭവിച്ചതായി യുഎന്‍ ഡിഇഎസഎയുടെ സാമ്പത്തികനിരീക്ഷണ, നയ വിഭാഗം മേധാവി ശന്തനു മുഖര്‍ജി ചൂണ്ടിക്കാട്ടി.

ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് 2025ല്‍ 2.4ശതമാനവും 2026ല്‍ 2.5ശതമാവും എന്നായിരുന്നു മുന്‍പ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഓരോ കൊല്ലവും ഇപ്പോള്‍0.4ശതമാനം കുറവ് വരുത്തേണ്ടി വന്നിരിക്കുന്നു. ഇത് മാന്ദ്യമല്ല. എന്നാല്‍ ഇത് മിക്ക രാജ്യങ്ങളെയും ബാധിക്കുമെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ക്കുന്നു.

വാണിജ്യ മേഖലകളിലെയും സാമ്പത്തികനയങ്ങളിലെയും അസ്ഥിരതകളും ഭൗമ രാഷ്‌ട്രീയ പ്രതിസന്ധിഖളും പല നിര്‍ണായക നിക്ഷേപ തീരുമാനങ്ങള്‍ക്കും തിരിച്ചടിയായി. ഇവയെല്ലാമാണ് നിലവിലെ വെല്ലുവിളികള്‍ക്ക് കാരണമായിരിക്കുന്നത്. ഉയര്‍ന്ന കടം, ഉത്പാദന വളര്‍ച്ചയിലുണ്ടാകുന്ന കുറവ്, തുടങ്ങിയവയും ആഗോള വളര്‍ച്ചാനിരക്കിനെ ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ മാന്ദ്യം വികസ്വര വികസിത സമ്പദ്ഘടനകളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയുടെ വളര്‍ച്ചാനിരക്ക് 2024ലെ 2.8ശതമാനത്തില്‍ നിന്ന് ഇക്കൊല്ലം 1.6ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന നികുതിയും നയ അസ്ഥിരതയും സ്വകാര്യ നിക്ഷേപത്തെയും ഉപഭോഗത്തെയും ബാധിച്ചതാണ് ഇതിന് കാരണമെന്നും വിലയിരുത്തുന്നു.

ചൈനയുടെ വളര്‍ച്ചാനിരക്ക് ഇക്കൊ്ലം 4.6ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍. ഉപഭോഗത്തിലുണ്ടായ കുറവും കയറ്റുമതി ഉത്പാദന മേഖലയിലെ തിരിച്ചടികളും വസ്‌തു മേഖലയിലെ വെല്ലുവിളികളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റ് വികസ്വര സമ്പദ്ഘടനകളായ ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെയും വളര്‍ച്ചാനിരക്ക് ദുര്‍ബലമായിട്ടുണ്ട്. വാണിജ്യമേഖലയിലെ ദുര്‍ബലത, നിക്ഷേപത്തിലെ മാന്ദ്യം, വിലയിടിവ് എന്നിവയാണ് ഇതിന് കാരണം.

ചുങ്കം ഉയര്‍ത്തിയത് വികസ്വര രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഇത് വളര്‍ച്ചാനിരക്ക് മന്ദഗതിയിലാക്കി. കയറ്റുമതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി. ഇതിന് പുറമെ കടവും വെല്ലുവിളിയായി.സുസ്ഥിര വികസനത്തിനായി ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഈ രാജ്യങ്ങള്‍ ഇതിനകം തന്നെ വെല്ലുവിളികള്‍ നേരിടുകയാണെന്നും ഐക്യരാഷ്‌ട്രസഭ സാമ്പത്തിക സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലി ജുന്‍ഹുവ ചൂണ്ടിക്കാട്ടുന്നു.

മിക്ക വികസ്വര രാജ്യങ്ങള്‍ക്കും തൊഴില്‍ സൃഷ്‌ടിക്കുന്നതില്‍ വീഴ്‌ച സംഭവിക്കുന്നു. ഒപ്പം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, അസമത്വങ്ങള്‍ നേരിടല്‍ തുടങ്ങിയവയും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുന്നു. അവികസിത രാജ്യങ്ങളുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് 2024ലെ 4.5ശതമാനത്തില്‍ നിന്ന് 4.1 ആയി 2025ല്‍ കുറഞ്ഞിട്ടുണ്ട്. കയറ്റുമതി വരുമാനത്തിലുണ്ടായ ഇടിവ്, സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധികള്‍, വികസനത്തിനുള്ള സഹായങ്ങളില്‍ വന്ന കുറവ് തുടങ്ങിയവയും ഇതിനെ ബാധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*