ഒറ്റച്ചാർജിൽ 169 കിലോമീറ്റർ റേഞ്ച്, 4.5 കിലോവാട്ടിന്‍റെ കരുത്തുറ്റ ബാറ്ററി: യമഹയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചറിയാം

ഹൈദരാബാദ്: ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ചുവടുവെച്ച് യമഹ. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ EC-06 ഔദ്യോഗികമായി പുറത്തിറക്കി. ഇതിന്‍റെ ഡിസൈനും ഫീച്ചറും ഉൾപ്പെടെയുള്ള വിവരങ്ങൾ നേരത്തെ പുറത്തുവിട്ടെങ്കിലും വില വെളിപ്പെടുത്തിയിരുന്നില്ല. 1.68 ലക്ഷം രൂപയാണ് EC-06ന്‍റെ ബാംഗ്ലൂരിലെ എക്‌സ്-ഷോറൂം വില.

തുടക്കത്തിൽ തിരഞ്ഞെടുത്ത നഗരങ്ങളിലെ യമഹയുടെ ബ്ലൂ സ്ക്വയർ പ്രീമിയം ഡീലർഷിപ്പുകൾ വഴിയായിരിക്കും വിൽപ്പനയ്‌ക്കെത്തുക. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, EC-06 നിലവിൽ ബാംഗ്ലൂർ, മുംബൈ, പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ ലഭ്യമാകും. ബ്ലൂയിഷ് വൈറ്റ് കളർ ഓപ്‌ഷനിലാണ് EC-06 ലഭ്യമാവുക.

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ റിവറുമായി സഹകരിച്ചാണ് EC-06 നിർമ്മിച്ചിരിക്കുന്നത്. ഇത് റിവർ ഇൻഡി ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

YAMAHA EC 06 PRICE  YAMAHA EC 06 SPECIFICATIONS  YAMAHA EC 06 BATTERY  YAMAHA ELECTRIC SCOOTER

യമഹ ഇസി-06: ഡിസൈൻ
സ്റ്റൈലിനും പ്രായോഗികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഇലക്‌ട്രിക് സ്‌കൂട്ടറാണ് ഇത്. യുവാക്കളെ ആകർഷിക്കാൻ അഗ്രസ്സിവ് ബോഡി ലൈനുകളുള്ള രൂപകൽപ്പനയാണ് യമഹ EC-06ന് കമ്പനി നൽകിയിരിക്കുന്നത്.

യമഹ ഇസി-06: ബാറ്ററി, റേഞ്ച്, വാറന്‍റി
4kWh ഉയർന്ന ശേഷിയുള്ള 4.5 കിലോവാട്ട് ഫിക്‌സഡ് ലിഥിയം-അയൺ ബാറ്ററിയാണ് ഇതിലെ ഇലക്ട്രിക് മോട്ടോറിൽ ഉപയോഗിക്കുന്നത്. ഇന്‍റീരിയർ പെർമനന്‍റ് മാഗ്നറ്റ് സിങ്ക്രണസ് മോട്ടോറുമായി (IPMSM) ആണ് ബാറ്ററി ജോഡിയാക്കിയിരിക്കുന്നത്. ഇത് 8.98 ബിച്ച്‌പി (6.7 കിലോവാട്ട്) പീക്ക് പവർ ഔട്ട്പുട്ടും 26 Nm ടോർക്കും ഉത്പാദിപ്പിക്കും.

ഇതിന് 169 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട്. മണിക്കൂറിൽ 79 കിലോമീറ്റർ (kmph) ആണ് ഇതിന്‍റെ പരമാവധി വേഗത. ഇതിന്‍റെ ബാറ്ററിയും ഇലക്ട്രിക് മോട്ടോറും IP67 സർട്ടിഫൈഡ് ആണ്. കൂടാതെ സ്‌കൂട്ടറിലെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സംരക്ഷണം നൽകുന്നതിന് IP65 റേറ്റിങും നേടിയിട്ടുണ്ട്.

ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 10 മണിക്കൂറും, 80 ശതമാനത്തിലെത്താൻ 8 മണിക്കൂറും സമയമെടുക്കും. ഇ-സ്കൂട്ടറിനൊപ്പം നൽകിയിരിക്കുന്ന പോർട്ടബിൾ ചാർജർ വഴി ഇത് വീട്ടിൽ തന്നെ ചാർജ് ചെയ്യാം. ബാറ്ററിക്ക് 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറന്‍റി ഉണ്ട്. കൂടാതെ ഒരു സാധാരണ ഹോം പ്ലഗ് വഴി ചാർജിങ് നടത്താനും കഴിയും.

യമഹ ഇസി-06: സവിശേഷതകൾ, സ്പെസിഫിക്കേഷനുകൾ
ഇക്കണോമിക്, സ്റ്റാൻഡേർഡ്, പവർ എന്നിങ്ങനെ യമഹ EC-06-ൽ മൂന്ന് റൈഡിങ് മോഡുകൾ ഉണ്ട്. ഇത് റൈഡറുടെ ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാം. മുൻവശത്തും പിൻവശത്തും ഡിസ്‌ക് ബ്രേക്കുകൾ, കളേർഡ് എൽസിഡി ഡിസ്പ്ലേ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എൽസിഡി ഡിസ്പ്ലേയിൽ ഒരു സിം ഉള്ള ബിൽറ്റ്-ഇൻ ടെലിമാറ്റിക്‌സ് ഉൾപ്പെടുന്നു. ഇത് തത്സമയ കണക്റ്റിവിറ്റിയും ഡാറ്റ ആക്‌സസും നൽകും. സീറ്റിനടിയിൽ 24.5 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് ഇതിനുണ്ട്.

യമഹ EC-06ന് 1995mm നീളവും 765mm വീതിയും 1153mm ഉയരവുമുണ്ട്. വീൽബേസ് 1345mm ഉം ഗ്രൗണ്ട് ക്ലിയറൻസ് 145mm ഉം ആണ്. കൂടാതെ 132 കിലോഗ്രാം ഭാരമുണ്ട്. മുന്നിലും പിന്നിലും 14 ഇഞ്ച് ടയറുകളാണ് ഉള്ളത്. ഇരുവശത്തും 200mm ഡിസ്ക് ബ്രേക്കുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ കമ്പൈൻഡ് ബ്രേക്കിങ് സിസ്റ്റവും (CBS) ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത് ഹൈഡ്രോളിക് ഡാംപറുകളുള്ള ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിൽ ഹൈഡ്രോളിക് ഡാംപറുകളുള്ള കോയിൽ സ്പ്രിംഗും ഉണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*