സ്‌കൂളിലും കോളേജുകളിലും മാത്രമല്ല ഓഫീസുകളിലും വാട്ടർ ബോട്ടിലുകളുമായി പോകുന്നവരാണ് ഭൂരിപക്ഷവും. വെള്ളം ഇടയ്ക്കിടെ കുടിക്കേണ്ടത് ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യമാണ്. വെള്ളം ഒപ്പം കരുതാനായി വിവിധ രൂപത്തില്‍ വാട്ടർ ബോട്ടിലുകൾ വിപണിയിൽ ലഭ്യമാണ്. അളവ് അടയാളപ്പെടുത്തി കൃത്യമായ കണക്കിന് വെള്ളം ഉപയോഗിക്കാൻ വേണ്ടി തയ്യാറാക്കിയ വാട്ടർ ബോട്ടിലുകളും ഇപ്പോൾ വിപണിയിൽ ഹിറ്റാണ്. ഈ നിലയിൽ ഭംഗിയിലും ഉപയോഗത്തിലുമെല്ലാം ഹിറ്റായി മാറിയിരിക്കുന്ന വാട്ടർ ബോട്ടിലുകൾ വാങ്ങി ഉപയോഗിക്കുന്നവർ അറിയാൻ ഒരു കാര്യം പറയാം.. എത്ര വിലയുള്ള വാട്ടർ ബോട്ടിലായാലും അത് ആറു മാസം കൂടുമ്പോൾ മാറ്റി വേറെ വാങ്ങണം. എന്താണ് കാര്യമെന്ന് ചോദിച്ചാൽ, അത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് ഉത്തരം.
കൂടുതൽ പേരും പ്ലാസ്റ്റിക്ക് കുപ്പികളാകും വാട്ടർ ബോട്ടിലായി തെരഞ്ഞെടുക്കുക. ഇവയുൾപ്പെടെയുള്ള ബോട്ടിലുകൾ എങ്ങനെയാണ് വൃത്തിയാക്കുന്നത്? ചിലർ മടിപിടിച്ച് കുറച്ച് വെള്ളം ഒഴിച്ച് ബോട്ടില്‍ വൃത്തിയാക്കി എന്ന് പറയും. എന്നാൽ ആ കുപ്പിക്കുള്ളിലെ അഴുക്ക് പോയിട്ടുണ്ടാവുമോ? ഒരിക്കലുമില്ല.
വാട്ടർബോട്ടിലുകൾ വൃത്തിയാക്കാൻ നാരങ്ങ ഉപയോഗിക്കാം. കറയും അഴുക്കും കളയാൻ ബെസ്റ്റ് ഓപ്ഷനാണല്ലോ നാരങ്ങ. നാരങ്ങനീരും ഇളം ചൂടുള്ള വെള്ളവും ചേർത്ത് കുപ്പിക്കുള്ളിലൊഴിച്ച് കുലുക്കി കഴുകാം. പിന്നാലെ സോപ്പ് ഉപയോഗിച്ചും കഴുകണം. സമാനമായ രീതിയിൽ വിനാഗിരിയും ചൂടുവെള്ളവും ചേർത്ത് കുപ്പികഴുകാം. പക്ഷേ കുപ്പി തുടച്ച് ഉണക്കിയെടുക്കണം.
ഇങ്ങനെ പല മാർഗമുണ്ട് വാട്ടർ ബോട്ടിലുകൾ വൃത്തിയാക്കാൻ. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം പ്ലാസ്റ്റിക്ക് ബോട്ടില്‍ വൃത്തിയാക്കുമ്പോള്‍ ചൂടുവെള്ളത്തിന് പകരം സാധാരണ വെള്ളം ഉപയോഗിക്കണമെന്നതാണ്. വൃത്തിയാക്കല്‍ കൃത്യമായി പിന്തുടരുന്നതിനൊപ്പം ആറു മാസം കൂടുമ്പോൾ ഇവ മാറ്റി മറ്റൊരെണ്ണം വാങ്ങാൻ മടിക്കുകയുമരുത്.



Be the first to comment