രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പഴയ അതൃപ്തി ഉള്‍പ്പെടെ വെളിപ്പെടുന്നു. നേതാക്കള്‍ നടത്തുന്ന പ്രതികരണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ കൂട്ടുകെട്ടില്‍ അടുത്തിടെ പാര്‍ട്ടിയില്‍ അരങ്ങേറിയ വെട്ടിനിരത്തിലുള്‍പ്പെടെ പരോക്ഷമായി പരാമര്‍ശിക്കുന്നത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ കെപിസിസി അംഗവുമായ ജെ എസ് അഖില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് പോസ്റ്റാണ് ഇതില്‍ പ്രധാനം.
ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തിനൊപ്പം ‘ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു…’ എന്നാണ് അഖിലിന്റെ പോസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് പ്രതിനിധിയായി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച പേരുകാരനാണ് ജെ എസ് അഖില്‍. എന്നാല്‍ അഖിലിനെ മാറ്റി എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് ഷാഫി പറമ്പിലിന്റെ നിര്‍ബന്ധപ്രകാരം ആയിരുന്നു. ഈ സംഭവത്തിന് പിന്നിലെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഉമ്മന്‍ചാണ്ടി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് 2023 ലാണ് സംഭവങ്ങളുടെ തുടക്കം. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കേണ്ട കെ എം അഭിജിത്ത്, ജെ എസ് അഖില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ പേരുകളുമായി അന്ന് ഷാഫി പറമ്പിലും ബെന്നി ബെഹന്നാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയ പേര് ജെ എസ് അഖിലിന്റേതായിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഒരു പേരില്‍ അദ്ദേഹം മാര്‍ക്ക് ചെയ്തു നല്‍കിയിരുന്നു എന്നാണ് വിവരം.
എന്നാല്‍ പിന്നീട് നടന്ന ചരടുവലികളില്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം നടപ്പായില്ല. ഈ വിഷയത്തില്‍ അന്ന് തന്നെ പാര്‍ട്ടിയ്ക്കും ഗ്രൂപ്പിനും ഉള്ളില്‍ ഭിന്നതയ്ക്ക് വഴിവച്ചിരുന്നു എന്നാണ് ചര്‍ച്ചകളുടെ ഉള്ളടക്കം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ ആയിരുന്നു ഷാഫി പറമ്പില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ നിര്‍ണായക സമയത്ത് എ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ക്ക് അപ്പുറത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഗണിച്ചെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം.



Be the first to comment