
വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഉപയോക്താക്കൾക്ക് ഉള്ളടക്കം കണ്ടെത്താനുള്ള രീതികളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഏകദേശം ഒരു പതിറ്റാണ്ടോളം യൂട്യൂബിന്റെ പ്രധാന ഫീച്ചറായിരുന്ന ട്രെൻഡിംഗ് പേജും ട്രെൻഡിംഗ് നൗ ലിസ്റ്റും 2025 ജൂലൈ 21 മുതൽ പൂർണ്ണമായി ഒഴിവാകും.
2015-ൽ അവതരിപ്പിച്ച ഈ ഫീച്ചറുകൾ പുതിയ വീഡിയോകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഒരു കാലത്ത് പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ട്രെൻഡിംഗ് പേജിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി യൂട്യൂബ് പറയുന്നു. പുതിയ ഉള്ളടക്കങ്ങൾ കണ്ടെത്താൻ ഉപയോക്താക്കൾ മറ്റ് മാർഗ്ഗങ്ങൾ തേടാൻ തുടങ്ങിയതാണ് ഇതിന് പ്രധാന കാരണം.
ട്രെൻഡിംഗ് പേജിന് പകരമായി യൂട്യൂബ് പുതിയ കാറ്റഗറി ചാർട്ടുകൾ അവതരിപ്പിക്കും. വ്യത്യസ്ത വിഭാഗങ്ങളിലെ ഏറ്റവും ജനപ്രിയമായ ഉള്ളടക്കം ഈ ചാർട്ടുകൾ ഹൈലൈറ്റ് ചെയ്യും. നിലവിൽ ഈ ചാർട്ടുകൾ യൂട്യൂബ് മ്യൂസിക്കിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അവിടെ ഉപയോക്താക്കൾക്ക് ട്രെൻഡിംഗ് മ്യൂസിക് വീഡിയോകൾ, മികച്ച പോഡ്‌കാസ്റ്റ് ഷോകൾ, ട്രെൻഡിംഗ് മൂവി ട്രെയിലറുകൾ എന്നിവ കാണാൻ സാധിക്കും. ഭാവിയിൽ കൂടുതൽ വിഭാഗങ്ങൾ ഈ ചാർട്ടുകളിലേക്ക് ചേർക്കുമെന്നും യൂട്യൂബ് അറിയിച്ചിട്ടുണ്ട്. ഗെയിമിംഗ് വീഡിയോകൾ താൽപ്പര്യമുള്ളവർക്ക് ഗെയിമിംഗ് എക്സ്പ്ലോർ പേജിൽ ഇപ്പോഴും ട്രെൻഡിംഗ് വീഡിയോകൾ കണ്ടെത്താൻ സാധിക്കും.
യൂട്യൂബ് അവരുടെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കുന്നത് അനുസരിച്ച്, ഇപ്പോൾ ആളുകൾ ഷോർട്ട്സ്, സെർച്ച് നിർദ്ദേശങ്ങൾ, കമന്റുകൾ, കമ്മ്യൂണിറ്റി പോസ്റ്റുകൾ തുടങ്ങിയ ഓപ്ഷനുകളിലൂടെയാണ് ട്രെൻഡിംഗ് വീഡിയോകൾ കൂടുതലായി ആക്‌സസ് ചെയ്യുന്നത്. ഈ മാറ്റം കാരണം ട്രെൻഡിംഗ് പേജിന്റെ ഉപയോഗക്ഷമത ക്രമേണ കുറയുകയും, അത് നിർത്തലാക്കാൻ കമ്പനി തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
നിരവധി കണ്ടന്റ് ക്രിയേറ്റർമാർ തങ്ങളുടെ വീഡിയോകളുടെ ജനപ്രീതി അളക്കുന്നതിനും പുതിയ ട്രെൻഡുകൾ മനസ്സിലാക്കുന്നതിനും ട്രെൻഡിംഗ് പേജിനെ ആശ്രയിച്ചിരുന്നു. എന്നാൽ, യൂട്യൂബ് സ്റ്റുഡിയോയുടെ ഇൻസ്പിരേഷൻ ടാബിൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇപ്പോൾ വ്യക്തിഗതമാക്കിയ ആശയങ്ങൾ ലഭിക്കുമെന്നും, ഇത് ഉള്ളടക്ക ആസൂത്രണത്തിൽ അവരെ സഹായിക്കുമെന്നും യൂട്യൂബ് അറിയിച്ചു.
Be the first to comment