‘വസ്ത്രങ്ങള്‍ വിലക്കുറവില്‍’, സുഡിയോയുടെ പേരില്‍ വ്യാജ ലിങ്കുകള്‍; തട്ടിപ്പില്‍ വീഴരുതെന്ന് ജാഗ്രതാനിര്‍ദേശം

പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ സുഡിയോയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കൊച്ചി സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. വസ്ത്രങ്ങള്‍ വിലക്കുറവില്‍ ലഭിക്കുമെന്ന് പ്രചരിപ്പിച്ചും സൗജന്യ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുമുള്ള തട്ടിപ്പില്‍ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ്/ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് പോലീസ് പറയുന്നു. യഥാര്‍ഥ വെബ്‌സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോര്‍ത്തുന്ന സൈബര്‍ തട്ടിപ്പ് രീതിയായ ‘ഫിഷിങ്’ ആണിതെന്നും പോലീസ് വ്യക്തമാക്കി.

ഇത്തരം ലിങ്ക് തുറക്കുന്നതും വ്യക്തിവിവരങ്ങള്‍ നല്‍കുന്നതും അപകടമാണ്. വ്യാജ ലിങ്കുകളില്‍ പ്രവേശിച്ചാല്‍ വൈറസോ മാല്‍വേറുകളോ ലിങ്ക് തുറക്കാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണത്തില്‍ കയറാം. വിവരങ്ങള്‍ നല്‍കുന്ന ഉടന്‍ തട്ടിപ്പുകാര്‍ ഒടിപി പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്. തട്ടിപ്പ് ലിങ്കുകളാണെങ്കില്‍ ചിലപ്പോള്‍ കമ്പനിയുടെ പേരില്‍ അക്ഷരത്തെറ്റുണ്ടായേക്കാം. ചിലപ്പോള്‍ കൃത്യമായ പേരിനുപകരം പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും ഉണ്ടാകുക.

ലിങ്ക് തുറന്നിട്ടുണ്ടെങ്കില്‍ ഫോണില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ആയിട്ടില്ല എന്ന് ഉറപ്പാക്കണം. ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുകയോ അതിന് ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പിന് വിധേയനായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*